കൊല്ലം : വാളകം മേഴ്സി ആശുപത്രിയിൽ ആരംഭിക്കുന്ന കൊറോണ പ്രാരംഭ ചികിത്സ കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കി സേവാഭാരതി പ്രവർത്തകർ. സേവാഭാരതി ഉമ്മന്നൂർ പഞ്ചായത്ത് സമിതിയാണ് ഉപയോഗ യോഗ്യമല്ലാതെ കിടന്ന കെട്ടിടം കഴിഞ്ഞ നാലു ദിവസത്തെ ശുചീകരണ പ്രവർത്തനത്തിലൂടെ വൃത്തിയാക്കിയത്. പ്രാരംഭ ചികിത്സ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സേവാഭാരതി പ്രവർത്തകരെ അനുമോദിച്ചു.
സേവാഭാരതി പഞ്ചായത്ത് സമിതി സെക്രട്ടറി ശാന്തു, എക്സിക്യൂട്ടിവ് കമ്മറ്റി അംഗം അനൂപ്, സന്ദീപ് , അരുൺ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സേവാഭാരതിയുടെ സഹകരണം വരും ദിവസങ്ങളിലും അവശ്യമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സേവാഭാരതി പ്രവർത്തകർക്ക് മന്ത്രി മൊമന്റോ നൽകി അനുമോദിച്ചു.
കൊല്ലം ജില്ലയിൽ കൊറോണ രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വാളകം മേഴ്സി ആശുപത്രിയിൽ കൊറോണ പ്രാരംഭ ചികിത്സ കേന്ദ്രം ആരം,ഭിച്ചത്. എന്നാൽ ചികിത്സാ കേന്ദ്രത്തിനായി കണ്ടെത്തിയ കെട്ടിടം ഉപയോഗ യോഗ്യമായിരുന്നില്ല. തുടർന്ന് അധികൃതർ സേവാഭാരതിയെ ബന്ധപ്പെടുകയായിരുന്നു. കഴിഞ്ഞ നാലു ദിവസമായുള്ള കഠിന പ്രയത്നത്തിനൊടുവിലാണ് കെട്ടിടം പൂർണമായി ശുചീകരിച്ച് ഉപയോഗ യോഗ്യമാക്കിയത്.