നെപ്ട്യൂണിനും യുറാനസ്സിനുമുള്ളിൽ വജ്രം പെയ്യുന്നു എന്ന് പുതിയ പഠനം. നേച്ചർ എന്ന ജേർണലിന്റ്റെ മെയ് 2020 ലക്കത്തിലാണ് പുതിയ പഠനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . നെപ്ട്യൂണും യുറാനസും സൗരയൂഥത്തിലെ ഏറ്റവും ബാഹ്യഗ്രഹങ്ങളായതിനാൽ പലപ്പോഴും പഠനങ്ങളിൽ നിന്ന് തഴയപ്പെട്ടിരുന്നു. എന്നാൽ പുതിയ പഠനം നീല ഭീമന്മാർ എന്നറിയപ്പെടുന്ന ഈ ഗ്രഹങ്ങളിലേക്ക് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നു .
ശാസ്ത്രലോകത്തിനുള്ള അറിവുകളുടെ അടിസ്ഥാനത്തിൽ ഈ രണ്ടു ഗ്രഹങ്ങളുടെയും ഉപരിതലത്തിൽ നിന്ന് വളരെ ദൂരെ മൈലുകൾക്കപ്പുറത്തു കടുത്ത സമ്മർദ്ദവും ചൂടുമാണുള്ളത് . എന്നിരുന്നാലും ഇവ “ഐസ് ജയൻറ്സ് ” എന്ന അപരനാമത്തിൽ അറിയപ്പെടുന്നു . ശാസ്ത്രജ്ഞന്മാരുടെ ഒരു സംഘം അമേരിക്കയുടെ ഊർജ്ജ വിഭാഗമായ SLAC നാഷണൽ ആക്സിലറേറ്റർ ലബോറട്ടറിയോടൊപ്പം ചേർന്ന് ഈ രണ്ടു ഗ്രഹങ്ങളുടെയും ആന്തരിക അവസ്ഥകളെ സൂക്ഷ്മമായി അനുകരിക്കാനും അവക്കുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങളെ പഠിക്കാനുമായി ഒരു പരീക്ഷണം നടത്തി.
ഈ സംഘത്തിന്റ്റെ കണ്ടെത്തലനുസരിച്ചു രണ്ടു ഗ്രഹങ്ങളുടെയും സമ്മർദ്ദം കണക്കിലെടുക്കുമ്പോൾ , ഗ്രഹങ്ങൾക്കുള്ളിലെ ഹൈഡ്രോകാർബണിനെ അവയുടെ ഏറ്റവും ചെറിയ വിഭജനങ്ങളാക്കാൻ കെൽപ്പുള്ളവയാണ്. അതായത് കാർബണും ഹൈഡ്രജനും . പിന്നീട് ആന്തരിക സമ്മർദ്ദം മൂലം കാർബൺ വജ്രമായി മാറുന്നു .
സ്‌കാറ്റെറിംഗ് ടെക്‌നിക് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് രണ്ടു ഗ്രഹങ്ങൾക്കുളിൽ നടക്കുന്ന വിഭജനങ്ങൾ കൃത്രിമമായി സൃഷ്ടിക്കാൻ സാധിക്കുകയും അതുവഴി ഹൈഡ്രോകാർബണിന്റെ ഘടകങ്ങളായ കാർബണും ഹൈഡ്രജനും ഉല്പാദിപ്പിക്കപ്പെടുകയും ചെയ്തു. അതി കഠിനമായ ചൂടും സമ്മർദവും മൂലം ക്രിസ്റ്റലൈസേഷൻ എന്ന പ്രക്രിയ നടക്കുകയും കാർബണുകൾ വജ്രമായി മാറുകയും , ഗ്രഹങ്ങളുടെ ഏറ്റവും അടിത്തട്ടിലായി നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു.
പരീക്ഷണങ്ങളുടെ നേതൃത്വം വഹിച്ച ശാസ്ത്രജന്മാരുടെ അഭിപ്രായത്തിൽ , ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ ഗ്രഹങ്ങളെ പഠനവിധേയം ആക്കാൻ സാധിക്കും . ഗ്രഹങ്ങളുടെയും ഗ്രഹവ്യവസ്ഥകളുടെയും പരിണാമചരിത്രം പഠിക്കുന്നതിനുള്ള ഒരു പുതിയ മാർഗമാണിത്, ഒപ്പം സംയോജനത്തിൽ നിന്ന് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഊർജ്ജ രീതികളിലേക്കുള്ള പരീക്ഷണങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.