അയല, മത്തി, പുഴമീൻ, ചെമ്പല്ലി തുടങ്ങി കൊഴുപ്പ് കൂടിയ മത്സ്യങ്ങളുടെ സംയുക്തകോശങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് മീനെണ്ണ. മീനെണ്ണ മുടിവളരാൻ ഉത്തമമാണെന്നാണ് അനുഭവസാക്ഷ്യങ്ങൾ . മുടിയിഴകളുടെയും മുടിവേരുകളുടെയും വളർച്ചയ്ക്ക് മീനെണ്ണ സഹായിക്കുന്നു.
കൂടാതെ മുടിയുടെ ആയുസ്സും വർദ്ധിപ്പിക്കുന്നു. മീനെണ്ണയ്ക്ക് ആന്റിബാക്ടീരിയൽ സ്വഭാവമുള്ളതിനാൽ ശിരോചർമ്മം വൃത്തിയായി സൂക്ഷിക്കാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഈ ഗുണങ്ങൾക്ക് പുറമെ വാർദ്ധക്യം, ചൂടുള്ള കാലാവസ്ഥ മൂലം ത്വക്കിന് സംഭവിക്കുന്ന കേടുപാടുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും മീനെണ്ണ സഹായിക്കുന്നു.
മുടിയുടെ ഉള്ള് വർദ്ധിപ്പിക്കുകയും മുടികൊഴിച്ചിലിന് കാരണമാകുന്ന ടിലോജെൻ കുറയ്ക്കാനും മീനെണ്ണയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 സഹായിക്കുന്നു . മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്ന 5-ആൽഫ റിഡക്റ്റേസിന്റെ പ്രവർത്തനം തടയാനും മീനെണ്ണയ്ക്ക് സാധിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് പ്രധാന പങ്ക് വഹിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും മീനെണ്ണയിൽ അടങ്ങിയിട്ടുണ്ട്.
കൊറിയയിലെ ചില ഗവേഷകർ നടത്തിയ പഠനങ്ങൾ പ്രകാരം പുളിപ്പിച്ച മീനെണ്ണ മുടിയുടെ വളർച്ചയ്ക്ക് സഹായകമാണെന്ന് പറയുന്നു. ചർമ്മത്തിലെ പാപ്പില്ല കോശങ്ങളുടെ വ്യാപനം വർദ്ധിപ്പിക്കുന്നതിലൂടെ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ മീനെണ്ണയ്ക്ക് സാധിക്കുന്നു.
മീനെണ്ണയ്ക്ക് ഒരു പ്രത്യേക ദുർഗന്ധം ആണെന്ന് നമുക്കറിയാം. അതിനാൽ തന്നെ ചർമ്മത്തിൽ നേരിട്ട് പുരട്ടുവാൻ പലരും വിമുഖത പ്രകടിപ്പിക്കാറുണ്ട്. മീനെണ്ണ, ഒലീവ് എണ്ണ എന്നിവയുടെ മിശ്രിതം മുടിയിൽ പ്രയോഗിക്കാവുന്നതാണ്.
മീനെണ്ണയിലും മൽസ്യത്തിലും ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുള്ളതിനാൽ, ഏതെങ്കിലും ആരോഗ്യപ്രശ്നം നേരിടുന്ന ആളാണെങ്കിൽ മീനെണ്ണ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.
നല്ല ഉള്ളോട് കൂടിയ മുടി സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിലും രൂക്ഷഗന്ധം ഉള്ള മീനെണ്ണ ഉപയോഗിക്കാൻ മടിയുള്ളവർ ഉണ്ടാകാം. പക്ഷെ മീനെണ്ണ മുടിയിൽ പ്രയോഗിക്കുന്നതിലൂടെ ആരോഗ്യമുള്ള മുടി സ്വന്തമാക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.