ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നെത്തിയ ഹിന്ദുക്കളുടെ അഭയാര്‍ത്ഥി കോളനി സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്. ഡല്‍ഹിയിലെ മജ്ലിസ് പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപമുള്ള കോളനിയില്‍ ധവാന് അപ്രതീക്ഷിതമായാണ് സന്ദര്‍ശനം നടത്തിയത്. ആശങ്കകള്‍ക്കിടയില്‍ പ്രിയ താരത്തെ കാണാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ലഭിച്ചതെന്ന് അഭയാര്‍ത്ഥികള്‍ പറയുന്നു.
കോളനിയിലെത്തിയ ധവാന് അഭയാര്‍ത്ഥികള്‍ക്ക് കിടക്കകളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്തു. ഇതിനു പുറമെ, ക്രിക്കറ്റ് കിറ്റുകള്‍ വിതരണം ചെയ്യാനും ധവാന് മറന്നില്ല. ഇഷ്ട താരത്തിനൊപ്പം കുറച്ചു സമയം ചെലവഴിക്കാനായതിന്റെ സന്തോഷത്തിലാണ് കോളനി നിവാസികള്‍. ഡല്‍ഹി റൈഡിംഗ് ക്ലബ് ഫൗണ്ടേഷനാണ് ഇവരുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.
ഹിന്ദു അഭയാര്‍ത്ഥി കോളനിയിലെ സന്ദര്‍ശനം വളരെ മികച്ച അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്ന് ധവാന് പറഞ്ഞു. സമൂഹത്തിനു വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യുകയെന്നത് തനിക്ക് ഏറെ സന്തോഷം നല്കാറുണ്ടെന്നു പറഞ്ഞ ധവാന് ഡല്‍ഹി റൈഡിംഗ് ക്ലബ് ഫൗണ്ടേഷനെ അഭിനന്ദിക്കുകയും ചെയ്തു. കോളനി നിവാസികള്‍ക്കൊപ്പം സെല്‍ഫികളും എടുത്ത ശേഷമാണ് ധവാന് മടങ്ങിയത്.