കണ്ണൂർ : കണ്ണൂരിൽ കെഎസ്ആർടിസി ബസ് കണ്ടക്ടറും എട്ട് യാത്രക്കാരും നിരീക്ഷണത്തിൽ. കൊറോണ രോഗി സഞ്ചരിച്ച ബസിലുള്ളവരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇന്നലെ വൈകീട്ട് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ബസിൽ അൻപതോളം പേരുണ്ടായിരുന്നു.
സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിക്കുന്നു. പാലക്കാട് നിരീക്ഷണത്തിൽ കഴിഞ്ഞ മുണ്ടേരി സ്വദേശി ബസിൽ നാട്ടിലേക്ക് വരുമ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് തൃത്താലയിൽ സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവാണ് പരിശോധന ഫലം വരും മുൻപേ പുറത്തിറങ്ങിയത്. ജൂൺ 23-ന് മധുരയിൽ നിന്നും സുഹൃത്തിനൊപ്പം കേരളത്തിൽ എത്തിയ ഇയാൾ അന്നു മുതൽ കൂട്ടുകാരന്റെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.