ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ അടുത്ത സഹായി അമര്‍ ദുബെയെ പോലീസ് വെടിവച്ച് കൊന്നു. ഹമിര്‍പുര്‍ ജില്ലയില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് നടത്തിയ ഏറ്റുമുട്ടലിലാണ് അമറിനെ വെടിവച്ച് വീഴ്ത്തിയത്. വികാസ് ദുബെയുടെ ഏറ്റവും അടുത്ത അനുയായി ആയി അറിയപ്പെടുന്ന ഇയാള്‍ക്കെതിരെയും എഫ്ഐആര്‍ എഴുതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കാണ്‍പൂരില്‍ പൊലീസുകാര്‍ക്കെതിരെ നടത്തിയ ആക്രമണത്തിലും ഇയാള്‍ പങ്കാളിയായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് എഡിജിപി പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. വികാസ് ദുബെക്കായി പൊലീസിന്റെ 40ഓളം ടീമുകളും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും തിരച്ചില്‍ നടത്തുന്നുണ്ട്. ഇയാളെ പിടികൂടുന്നത് വരെ പൊലീസിന് വിശ്രമമില്ലെന്നും പോലീസ് മേധാവി പറഞ്ഞു
അമര്‍ ദുബെയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കാണ്‍പൂരിന് സമീപം മോധ എന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ജൂലൈ 2നാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ കൂട്ടക്കൊല ചെയ്തത്. നിരവധി പേര്‍ക്ക് ഈ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഇപ്പോഴും സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. അതുകൊണ്ടു തന്നെ അതിര്‍ത്തിയിലുടനീളം പൊലീസിന്റെ പരിശോധനകള്‍ ശക്തമാണ്.