കാഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ കടുത്ത അതൃപ്തിയറിയിച്ച് പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി രംഗത്ത്. രാജ്യത്ത് കൊറോണ വ്യാപനം ശക്തമായതും പ്രധാനമന്ത്രി ഒലി യാതൊരു ഭരണകാര്യത്തിലും ശ്രദ്ധിക്കാത്തതുമാണ് ഭണ്ഡാരിയെ ചൊടിപ്പിച്ചത്. ഇന്ന് ഇരുവരും നടത്തുന്ന കൂടിക്കാഴ്ചയില്‍ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ചര്‍ച്ചയാകുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയുമായുള്ള അതിര്‍ത്തിയിലെ ഭൂപടവിവാദത്തെ തുടര്‍ന്നാണ് ഒലിയുടെ മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം വര്‍ധിച്ചത്. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിളിച്ച യോഗത്തില്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചതോടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ചൈനയുടെ ശക്തമായ ബന്ധമുള്ള ശര്‍മ ഒലിയെ മാറ്റാതിരിക്കാന്‍ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മേല്‍ ചൈനയുടെ സമ്മര്‍ദ്ദം ശക്തമാണ്. ചൈനീസ് അംബാസഡര്‍ ഹീ യാന്‍കി നേരിട്ട് ഒലിയെ കാണാനെത്തിയതും നേപ്പാളില്‍ വന്‍ വിവാദമായി. രാജ്യത്തെ ആഭ്യന്തര വിഷയത്തില്‍ ചൈന നേരിട്ട് ഇടപെടുന്നതിനെതിരെ ഇന്നലെ യുവജനസംഘടനകള്‍ പ്രക്ഷോഭവും തുടങ്ങിയിരിക്കുകയാണ്.