കൊച്ചി : റെയില്‍വേ യാഡില്‍ നിന്നും സിഎസ്ടി പ്ലേറ്റുകള്‍ മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് പേര് പിടിയില്‍. തമ്മനം സ്വദേശികളായ റസാഖ്, കെ.കെ നാസര്‍, ടി.കെ സലാം, ജമാല്‍, പറവൂര്‍ സ്വദേശി ധനേഷ് എന്നിവരാണ് പിടിയിലാത്. റെയില്‍വേ സുരക്ഷാ സേനയാണ് അഞ്ച് പ്രതികളെയും പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് തമ്മനം സ്വദേശി അസൈനാര്‍ ഒളിവിലാണ് . ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മോഷ്ടിച്ചു കൊണ്ടുവന്ന സിഎസ്ടി പ്ലേറ്റുകള്‍ മറിച്ചുവിറ്റതിനാണ് ടി.കെ സലാമിനെ പിടികൂടിയത്. മോഷ്ടിച്ച സാധനങ്ങള്‍ കടത്താന്‍ ഇവര്‍ ഉപയോഗിച്ച മിനി ട്രക്കും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. കത്രിക്കടവിലെ യാഡില്‍ നിന്നുമാണ് പ്രതികള്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സിഎസ്ടി പ്ലേറ്റുകള്‍ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് എറണാകുളം റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ റെയില്‍വേ സുരക്ഷാ സേനക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.