ന്യൂഡല്‍ഹി: തായ്വാന്റെ പുതിയ സ്ഥാനപതി ചുമതലയേറ്റു. മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനായ ബാവൂഷോണ് ഗേറാണ് ഇന്ത്യയിലെ തായ് വാന്‍ സ്ഥാനപതിയായി ചുമതലയേറ്റിരിക്കുന്നത്. നിലവിലുണ്ടായിരുന്ന സ്ഥാനപതി തീന് ചുംഗ് ക്വാംഗിനെ തായ്വാന് ഭരണകൂടം ഉപവിദേശകാര്യമന്ത്രിയായി പരിഗണിച്ചതോടെയാണ് ഗേറിന് ചുമതല ലഭിച്ചത്.
സെപ്തംബര്‍ മാസത്തിലാണ് ഗേര്‍ ഇന്ത്യയിലേയ്ക്ക് എത്തുക എന്നാണറിവ്.നിലവില്‍ കിഴക്കന്‍ ഏഷ്യയുടേയും പെസഫിക് മേഖലയുടേയും വിദേശകാര്യവിഷയം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു ബാവൂഷോണ് ഗേര്‍. ഇദ്ദേഹം മുമ്പ് ബ്രിട്ടണിലും അമേരിക്കയിലും തായ്വാന്റെ പ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തിച്ച പരിചയമുള്ള ഉദ്യോഗസ്ഥനാണ്.
ചൈനയുമായി അധികാര തര്‍ക്കത്തിലുള്ള തായ്വാന് വന്‍ഭീഷണി നേരിടുകയാണ്. ചൈനയെ തഴഞ്ഞിരിക്കുന്ന ഇന്ത്യ നിലവില്‍ തായ്വാനുമായി ശക്തമായ സൗഹൃദത്തിലുമാണ്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ വിവരങ്ങള്‍ പുറത്താക്കി ചൈനയുടെ കള്ളക്കളി പുറത്തുകൊണ്ടുവന്നത് തായ്വാനായിരുന്നു. തായ് വാന്റെ വിദേശകാര്യ ചുമതലയിലേക്ക് പോകുന്ന തീന് ഇന്ത്യയിലെ തന്റെ പ്രവൃത്തി പരിചയം പ്രയോജനപ്പെടുത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. മുന്‍ ഉപ വിദേശകാര്യമന്ത്രി ഹൂ സൂ ചീന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മാറിയ സാഹചര്യത്തിലാണ് തീനിനെ ഉപ വിദേശകാര്യമന്ത്രിയായി നിയമിച്ചത്.