ഭോപ്പാല്‍ : ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ബിഎസ്പി പ്രവര്‍ത്തകനെതിരെ പരാതി. ബിഎസ്പി പ്രവര്‍ത്തകന്‍ സദ്ദാം ഹുസൈനെതിരെയാണ് പരാതി നല്‍കിയത്. മഹാകാല്‍ ക്ഷേത്രം ഭീകരരുടെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നായിരുന്നു സദ്ദാം ഹുസൈന്റെ പരാമര്‍ശം.
കൊടു കുറ്റവാളിയായ വികാസ് ദുബൈയെ ഉജ്ജയിനിയിലെ ക്ഷേത്രത്തില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹുസൈന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ഹുസൈന്‍ ക്ഷേത്രത്തെ അപമാനിച്ചു കൊണ്ടു പരാമര്‍ശം നടത്തിയത്.
കൊടും ഭീകരന്‍ വികാസ് ദുബൈ ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തിലാണ് ഒളിച്ച് കഴിഞ്ഞിരുന്നത്. മഹാകാല്‍ ക്ഷേത്രം ഭീകരരുടെ താവളമായി മാറിയിരിക്കുന്നു. ക്ഷേത്രം അടച്ചു പൂട്ടണം. അന്വേഷണം നടത്തി എത്ര ഭീകരരാണ് ക്ഷേത്രത്തില്‍ അഭയം തേടിയിട്ടുണ്ടെന്ന് കണ്ടെത്തണം എന്നുമാണ് ഹുസൈന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഹുസൈന്റെ കുറിപ്പ് സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹ്യ മാദ്ധ്യമ ഉപയോക്താവായ അര്‍ജുന്‍ സിംഗ് എന്നയാളാണ് പോലീസില്‍ പരാതി നല്‍കിയത്. മഹാകാല്‍ ക്ഷേത്രത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ഹുസൈന്‍ മത വികാരം വ്രണപ്പെടുത്തിയെന്നും അര്‍ജുന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ സദ്ദാം ഹുസൈനെതിരെ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സദ്ദാം ഹുസൈന്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ആക്കിയിട്ടുണ്ടെന്നാണ് വിവരം.















