കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയായ മുഹമ്മദ് ഇര്‍ഫാനാണ് അറസ്റ്റിലായത്.
ഇയാളുടെ പക്കല്‍ നിന്നും 600 ഗ്രാം സ്വര്‍ണ്ണവും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് വിപണിയിൽ ഏതാണ്ട് 27 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുകയാണ്. ഞായറാഴ്ച മാത്രം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ ഏഴ് പേരെയും ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. നാദാപുരം, കാസര്‍കോട് സ്വദേശികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായത് എന്ന് അധികൃതര്‍ വ്യക്തമാക്കി.
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ ശക്തമായ പരിശോധനകളാണ് അധികൃതര്‍ നടത്തുന്നത്.