ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ മറികടക്കാനുള്ള സുവര്‍ണ്ണാവസരം മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് കളഞ്ഞുകുളിച്ചു. സതാംപ്ടണാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-2ന്് സമനിലയില്‍ തളച്ചത്. കളിയുടെ അവസാന നിമിഷത്തിലെ ഗോളാണ് മാഞ്ചസ്റ്ററിനെ ഞെട്ടിച്ചത്. ഇതോടെ പോയിന്റ്് നിലയില്‍ ലെസ്റ്ററിനും താഴെ അഞ്ചാം സ്ഥാനത്തുതന്നെ യുണൈറ്റഡ് തുടരുകയാണ്. ജയം നേടിയിരുന്നെങ്കില്‍ ചെല്‍സിയെ മറികടന്ന് മൂന്നാം സ്ഥാനത്തേയ്ക്ക് യുണൈറ്റഡ് കടക്കുമായിരുന്നു.
ലീഗില്‍ ഒന്നും നഷ്ടപ്പെടാനില്ലാതെ കളിച്ച 12-ാം സ്ഥാനക്കാരായ സതാംപ്ടണ് താരങ്ങള്‍ പല സമയത്തും പന്തു കൈക്കലാക്കുന്നതില്‍ വിജയിച്ചു. കളിയുടെ തുടക്കത്തില്‍ തന്നെ ചുവപ്പന്പടയെ ഞെട്ടിച്ചാണ് സതാംപ്ടണ് കളം നിറഞ്ഞത്. 12-ാം മിനിറ്റില്‍ സ്റ്റുവര്‍ട്ട് ആംസ്ട്രോംഗ് ആദ്യ ഗോള്‍ നേടി. എന്നാല്‍ യുണൈറ്റഡ് 20-ാം മിനിറ്റിലും 23-ാം മിനിറ്റിലും ഗോളുകളടിച്ച് കരുത്തുകാട്ടി. മാര്‍ക്കസ് റാഷ്ഫോഡും ആന്റണി മാര്‍ഷലുമാണ് ഗോളുകള്‍ നേടിയത്. എന്നാല്‍ കളിയുടെ അവസാന നിമിഷം കിട്ടിയ അധിക സമയത്താണ് സതാംപ്ടണിന്റെ സമനില ഗോള്‍ പിറന്നത്. മൈക്കേല്‍ ഒബാഫേമിയാണ് മുന്ചാമ്പ്യന്മാരെ വിജയതുല്യമായ ഗോളിലൂടെ സതാംപ്ടണ് സമനിലയില്‍ പിടിച്ചത്. നാളെ നടക്കുന്ന കളിയില്‍ ചെല്‍സി നോര്‍വിച്ച് സിറ്റിയേയും മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍മൗത്തിനേയും നേരിടും.