ന്യൂഡല്‍ഹി : യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന തന്ത്ര പ്രധാനമായ വീക്ഷണം സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 15ാമത് ഇന്ത്യ – യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടി മാര്‍ച്ച് മാസത്തിലാണ് നേരത്തെ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അത് നീണ്ടു പോകുകയായിരുന്നു. വെര്‍ച്ച്വല്‍ മാദ്ധ്യമത്തിലൂടെ ഇന്ന് ഒന്നിക്കാന്‍ കഴിഞ്ഞു എന്നത് ഒരു നല്ല കാര്യമാണ്. കൊറോണ മൂലം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളില്‍ ദു:ഖം രേഖപ്പെടുത്തുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയെയും യൂറോപ്യന്‍ യൂണിയനെയും സ്വഭാവിക പങ്കാളികള്‍ എന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോകത്തിന്റെ സമാധാനത്തിനും സ്ഥിരതയ്ക്കുമായി പങ്കാളിത്തം അനിവാര്യമാണെന്ന് വ്യക്തമാക്കി. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള പങ്കാളിത്തം ലോകത്തിന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകമായിട്ടുണ്ട്. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇന്ന് നടക്കുന്ന ഉച്ചകോടി.
ജനാധിപത്യം, നാനാത്വം, സ്വാതന്ത്ര്യം, അന്താരാഷ്ട്ര സ്ഥാപനങ്ങളോട് ഉള്ള ബഹുമാനം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സമാനമായ കാഴ്ചപ്പാടാണ് വെച്ചു പുലര്‍ത്തുന്നത്. കൊറോണയ്ക്ക് ശേഷം പുതിയ സാമ്പത്തിക പ്രശ്നങ്ങളാണ് ലോകരാജ്യങ്ങള്‍ അഭിമുഖീകരിക്കുക. ഇത് തരണം ചെയ്യാന്‍ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജനങ്ങളുടെ ആരോഗ്യവും സമൃദ്ധിയും വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ നിരവധി സമ്മര്‍ദ്ദങ്ങളാണ് ലോകരാജ്യങ്ങള്‍ നേരിടാന്‍ ഒരുങ്ങുന്നത്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ജനങ്ങളുടെ സാമ്പത്തിക പുനരുദ്ധാരണത്തിന് വഴിയൊരുക്കും. നിലവിലെ വെല്ലുവിളികള്‍ക്ക് പുറമേ ദീര്‍ഘ കാലം നീണ്ടു നില്ക്കുന്ന വെല്ലുവിളികളില്‍ ഒന്നായ കാലാവസ്ഥ വ്യതിയാനവും തങ്ങളുടെ പരിഗണനയില്‍പ്പെടുന്നതാണെന്നും പ്രധാനമന്ത്രി അറിയിച്ചു. സാങ്കേതിക രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നതിനായി യൂറോപ്യന്‍ യൂണിയനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.