ലുകുംഗ്(ലഡാക്): ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും ഒരു വിദേശ ശക്തിയ്ക്കും തൊടാനാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . ചൈനയുടെ ഗാല്‍വാന്‍ മേഖലയിലെ പ്രകോപനങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ഗാല്‍വാനിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ ആദ്യ ലഡാക് സന്ദര്‍ശനമാണ് ഇന്ന് നടക്കുന്നത്. സൈന്യത്തിന്റെ വിവിധ പ്രദര്‍ശനങ്ങള്‍ ലഡാക്കില്‍ നടന്നു. പ്രതിരോധമന്ത്രിക്കൊപ്പം സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേനാ മേധാവി ജനറല്‍ എം.എം.നരവാനേ എന്നിവരും ലഡാക്കിലുണ്ട്.
‘ ചൈനയുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. എത്രകണ്ട് അതിന്റെ ഫലം ഉണ്ടാകുമെന്ന് ഉറപ്പുതരാന്‍ തനിക്കാകില്ല. ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയില്‍പോലും തൊടാന്‍ ഒരു വൈദേശിക ശക്തിയേയും സമ്മതിക്കില്ല എന്നകാര്യം ഉറപ്പിച്ചു പറയാനാകും’ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
‘ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചാല്‍ അത്രയും നല്ലകാര്യം മറ്റൊന്നില്ല. ഇന്ത്യന്‍ സൈനികരുടെ വീരബലിദാനത്തിന് മുന്നില്‍ ശിരസ്സുനമിക്കുന്നു. സഹപ്രവര്‍ത്തകര്‍ നഷ്ടപ്പെട്ട വിഷമം നിങ്ങള്ക്കുണ്ടെന്നറിയാം.’ സൈനികരോടായി രാജ്നാഥ് സിംഗ് പറഞ്ഞു.
സന്ദര്‍ശനത്തിന്റെ ഭാഗമായി സൈനികരുടെ തയ്യാറെടുപ്പുകളും പ്രതിരോധ മന്ത്രി വിലയിരുത്തി. സൈനികര്‍ എങ്ങനെയാണ് വിമാനത്തില്‍ നിന്നും പാരച്യൂട്ടിലൂടെ താഴെ വരുന്നതിന്റേയും ആയുധങ്ങള്‍ ദുര്‍ഘടമായ മലനിരകളില്‍ എങ്ങനെയാണ് എത്തിക്കുന്നതിന്റേയും പരിശീലനങ്ങളും സൈനിക പ്രദര്‍ശനങ്ങളും പ്രതിരോധ മന്ത്രി നേരിട്ട് കണ്ടു. സൈന്യത്തിന്റെ ടി-90 ടാങ്കുകളും കരസേനയുടെ വിവിധ വിഭാഗങ്ങളും സൈനിക അഭ്യാസത്തില്‍ പങ്കെടുത്തു.