ന്യൂഡല്‍ഹി : മ്യാന്മാറിലെ ഭീകരര്‍ക്ക് ചൈന ആയുധങ്ങള്‍ നല്‍കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്കി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍. ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ ഭാഗമായാണ് ആയുധങ്ങള്‍ മ്യാന്മാറിലേക്ക് എത്തിക്കുന്നതെന്നും, ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. സംഭവത്തില്‍ സുരക്ഷാ ഏജന്‍സികള്‍ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്.
അടുത്തിടെ മ്യാന്മാര്-തായ്ലന്റ് അതിര്‍ത്തിയില്‍ നടന്ന പരിശോധനയില്‍ അരകന്‍ ഭീകരര്‍ക്കായി ചൈനയില്‍ നിന്നെത്തിയ വന്‍ ആയുധ ശേഖരം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി സുരക്ഷാ ഏജന്‍സികള്‍ രംഗത്ത് എത്തിയത്.
മ്യാന്മാറിന്റെ സമീപത്തുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലെ ക്രമസമാധാനം ഇല്ലാതാക്കുകയാണ് ചൈനയുടെ ലക്ഷ്യം. കാല്ധാന് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയും മ്യാന്മാറും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ഇതിന് പുറമേ ഇത് പ്രദേശത്തെ ചൈനീസ് സ്വാധീനം ദുര്‍ബലമാക്കുകയും ചെയ്യും. ഇതില്‍ ഭയന്നാണ് അരകന്‍ ഭീകരര്‍ക്ക് ചൈന ആയുധങ്ങളും മറ്റും എത്തിച്ച് നല്‍കുന്നത്.
യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസോം മേധാവി പരേഷ് ബാറുവിന് ചൈനയാണ് അഭയം നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ ചുക്കാന്‍ പിടിക്കുന്നതില്‍ പ്രധാനി പരേഷ് ബാറുവാണെന്നാണ് വിവരമെന്നും സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.
അരകന്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് നല്കിയ സംഭവത്തില്‍ ആറ് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളാണ് ആയുധങ്ങള്‍ ഭീകര സംഘടനയായ അരാകന് ആര്‍മിക്കായി ചൈനയില്‍ നിന്നും എത്തിച്ചതാണെന്ന് വെളിപ്പെടുത്തിയത്. എ കെ 47 തോക്കുകള്‍, ആന്റി ടാങ്ക് മൈനുകള്‍, ഗ്രനേഡുകള്‍, മെഷീന് തോക്കുകള്‍, ബോംബുകള്‍ തുടങ്ങിയവ സുരക്ഷാ ഏജന്‍സി പിടിച്ചെടുത്ത ആയുധങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.