ന്യൂഡല്‍ഹി: 2018 ഏഷ്യന്‍ ഗെയിംസില്‍ 4*400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ നേടിയ വെള്ളി മെഡല്‍ സ്വര്‍ണ്ണമായി മാറി. ഒന്നാം സ്ഥാനക്കാരായിരുന്ന ബഹ്‌റൈന്‍ റിലേ ടീമിലെ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതോടെയാണ് ഇന്ത്യയുടെ മെഡല്‍ സ്വര്‍ണ്ണമായി ഉയര്‍ന്നത്. ബഹ്‌റൈന്‍ താരം കെമി അഡേകോയാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതോടെ കെമിയ്‌ക്ക് നാലു വര്‍ഷം വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജക്കാര്‍ത്തയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ റിലേ ടീം 3:15:71 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. 3:11:89 സെക്കന്റിലാണ് ബഹറൈന്‍ ഫിനിഷ് ചെയ്തത്. മുഹമ്മദ് അനസ്, എം ആര്‍ പൂവമ്മ, ഹിമാ ദാസ്, ആരോഗ്യാ രാജീവ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ റിലേ ടീം.
കെമി അഡേകോയ പിടിക്കപ്പെട്ടതോടെ മലയാളി താരം അനു രാഘവന് ഏഷ്യന്‍ മെഡലിനുള്ള അവസരം ലഭിച്ചു. 20218 ല്‍ 400 മീറ്റര്‍ ഹര്‍ഡിസിലും കെമി സ്വര്‍ണ്ണം നേടിയിരുന്നു. ആ മെഡലും തിരിച്ചെടുത്തതോടെയാണ് നാലാം സ്ഥാനത്തുണ്ടായിരുന്ന അനു രാഘവന്‍ വെങ്കല മെഡലിന് അര്‍ഹയായത്.















