കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യവും ശത്രുക്കളും ഒരു പോലെ സാക്ഷിയായത് സൈനികന്‍ നായിക് ദിഗേന്ദ്ര കുമാറിന്റെ ധീരതയ്‌ക്കാണ്. വെടിയുണ്ടകള്‍ ദേഹത്ത് തുളച്ചു കയറിയിട്ടും ശത്രുക്കളെ അടിയറവ് പറയിച്ച ദിഗേന്ദ്ര കുമാര്‍ എല്ലാ ഇന്ത്യക്കാരുടെയും നായകനാണ്. അദ്ദേഹത്തിന്റെ അസാമാന്യ ധൈര്യവും യുദ്ധ തന്ത്രങ്ങളും ശത്രുക്കളെയും സഹസൈനികരെയും അത്ഭുതപ്പെടുത്തി.
യുദ്ധത്തില്‍ ഏറെ നിര്‍ണ്ണായകമായ ഒന്നായിരുന്നു ദ്രാസ് സെക്ടറിലെ ടോളോലിംഗ് പ്രദേശം പിടിച്ചെടുക്കുക എന്നത്. സമുദ്ര നിരപ്പില്‍ നിന്നും 15,000 അടി ഉയരത്തിലുള്ള പ്രദേശത്ത് എത്തുക എന്നത് എളുപ്പമല്ല. ദുഷ്‌കരമായ ഈ ദൗത്യം ഏറ്റെടുക്കാന്‍ നിയോഗിച്ചത് രജ്പുത്താന റൈഫിള്‍സ് രണ്ടാം ബറ്റാലിയനെ ആയിരുന്നു. രജ്പുത്താന റൈഫിള്‍സിലെ സ്നോ വാരിയേഴ്സ് എന്ന് പേരിട്ട സംഘത്തിനാണ് അദ്ദേഹം നേതൃത്വം നല്‍കിയത്. പോയിന്റ് 4590 പിടിച്ചെടുക്കുകയായിരുന്നു സ്നോ വാരിയേഴ്സിന്റെ ലക്ഷ്യം. ഈ പ്രദേശം പിടിച്ചെടുത്താല്‍ ഇന്ത്യക്ക് പാതി വിജയം ഉറപ്പിക്കാമായിരുന്നു.
വളരെ ഉയരം കൂടിയ പ്രദേശമായിരുന്നതിനാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഓരോ നീക്കങ്ങളും ശത്രുക്കള്‍ക്ക് നിരീക്ഷിക്കാന്‍ കഴിയുമായിരുന്നു. ഇത് സൈന്യത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തി. അതിനാല്‍ രാത്രിയാണ് ദിഗേന്ദ്ര കുമാറും സംഘവും ശത്രുപാളയം ലക്ഷ്യമാക്കിയുള്ള നീക്കം ആരംഭിച്ചത്. പ്രദേശത്ത് എത്താന്‍ നടന്നു നീങ്ങുക എന്നത് തീരെ സുരക്ഷിതമല്ലായിരുന്നു. അതിനാല്‍ കയറില്‍ തൂങ്ങിയാണ് ഭാരമുള്ള ആയുധങ്ങളുമായി സംഘം പ്രദേശത്ത് എത്തിയത്.
ശത്രുക്കളെ എത്രയും വേഗം ഇല്ലാതാക്കുക എന്നത് ഇന്ത്യന്‍ മണ്ണ് തിരിച്ചു പിടിക്കാന്‍ ഏറെ നിര്‍ണ്ണായകമായിരുന്നു. 14 മണിക്കൂര്‍ കൊണ്ട് പ്രദേശത്ത് എത്തിയ ദിഗേന്ദ്ര കുമാറിനും ശക്തമായ ആക്രമണമാണ് നേരിടേണ്ടി വന്നത്. ബങ്കറുകളില്‍ ഒളിച്ചിരുന്ന പാക് പട്ടാളത്തിന്റെ മൂന്ന് വെടിയുണ്ടകള്‍ ഇടതു കയ്യില്‍ ആഴ്ന്നിറങ്ങി. കോപംകൊണ്ട് ജ്വലിച്ച അദ്ദേഹം ലൈറ്റ് മെഷീന്‍ ഗണ്‍ ശത്രുക്കള്‍ക്ക്നേരെ പ്രയോഗിച്ചു. അദ്ദേഹത്തിന്റെ ആക്രമണത്തില്‍ 48 പാക് പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. ശത്രുക്കള്‍ ഒളിച്ചിരുന്ന ബങ്കറുകള്‍ ചാമ്പലാക്കി അദ്ദേഹവും സംഘവും വിജയത്തോടെ മടങ്ങി. ശത്രുക്കളെപോലും ഞെട്ടിച്ച അദ്ദേഹത്തിന്റെ കരുത്തിന് രാജ്യം മഹാ വീര്‍ ചക്ര നല്‍കി ആദരിച്ചു.















