കാര്‍ഗിലിലെ ഇന്ത്യന്‍ വിജയ ഗാഥയില്‍ മുന്‍നിരയില്‍ നിന്ന് പോരാടിച്ച ധീര ജവാനാണ് രണ്ടാം രജ്പുത്താന റൈഫിള്‍സിലെ മേജര്‍ പദ്മപാണി ആചാര്യ. കാര്‍ഗിലില്‍ സാഹസികതയുടെ ദേശസ്‌നേഹത്തിന്റെ ഇച്ഛാശക്തിയുടെ ചരിത്രം കുറിച്ച പദ്മപാണി ശത്രുവിന്റെ വെടിയുണ്ടകള്‍ക്കു മുന്നില്‍ അടിപതറാതെ പൊരുതി. രണ്ട് വലിയ ദൗത്യങ്ങളായിരുന്നു പദ്മപാണിക്കും സംഘത്തിനും നിര്‍വഹിക്കാനുണ്ടായിരുന്നത്. ഒന്ന് ലോണ്‍ ഹില്‍ പിടിച്ചെടുക്കുക. രണ്ട്, കാര്‍ഗിലിലെ ടൊളോലിംഗ് കൊടുമുടി തിരിച്ചുപിടിക്കുക. രണ്ടും തന്ത്ര പ്രധാനമായ ഏറ്റവും നിര്‍ണായകമായ കേന്ദ്രങ്ങള്‍.
മൈനുകളും വെടിക്കോപ്പുകളുമായി ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുന്ന ശത്രുക്കളെ തുരത്തി ലോണ്‍ ഹില്ലും ടെളോലിംഗ് കൊടുമുടിയും തിരിച്ചുപിടിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു. എന്നാല്‍, മാതൃരാജ്യത്തെ ശത്രുക്കളില്‍ നിന്നു രക്ഷിക്കുക എന്ന പദ്മപാണിയുടെ ഉറച്ച തീരുമാനത്തെ വെടിയുണ്ടകള്‍ക്കു പോലും തടുക്കാനായില്ല. ഇഴഞ്ഞും നൂണ്ടും പദ്മപാണിയുടെ സംഘം മുന്നേറി. ഇതിനിടെ, ആക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. നടക്കാന്‍ കഴിയാതിരുന്നിട്ടും പിന്മാറാന്‍ തയ്യാറാകാതിരുന്ന പദ്മപാണി ഒപ്പമുള്ള ജവാന്‍മാര്‍ക്ക് ആത്മവീര്യം പകര്‍ന്നു നല്‍കി. തന്റെ കാര്യം നോക്കണ്ടെന്നും ശത്രുക്കളെ തുരത്താനുമായിരുന്നു തന്റെ സൈനികര്‍ക്ക് അദ്ദേഹം നല്‍കിയ നിര്‍ദ്ദേശം.
ഒരു രാത്രി മുഴുവന്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ പദ്മപാണിയുടെ സംഘം ടൊളോലിംഗ് തിരിച്ചുപിടിച്ചു. എന്നാല്‍, പരിക്കേറ്റ പദ്മപാണി വീരമൃത്യു വരിച്ചു. കാര്‍ഗില്‍ യുദ്ധ ചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ത്ത ടൊളോലിംഗ് പോരാട്ടത്തിലെ പദ്മപാണിയുടെ ധീരതക്കും നേതൃപാടവത്തിനും രാജ്യം അദ്ദേഹത്തെ മഹാവീര്‍ ചക്ര നല്‍കി ആദരിച്ചു.















