തണുത്തുറഞ്ഞ മഞ്ഞുമലകളില്‍ പതിയിരുന്ന ശത്രുസൈന്യത്തിനെതിരെ ധീരമായി പോരാടിയ ഇന്ത്യയുടെ വീര ജവാനാണ് ക്യാപ്റ്റന്‍ നെയ്കാക്കുവോ കെന്‍ഗുരുസ്. രണ്ടാം രജ്പുത്താന റൈഫിള്‍സിലെ ക്യാപ്റ്റന്‍ കെന്‍ഗുറേസിന്റെ സാഹസികത കാര്‍ഗില്‍ യുദ്ധത്തിലെ പകരംവെക്കാനാകാത്ത ഒരേടായിരുന്നു. കാര്‍ഗില്‍ യുദ്ധം തുടങ്ങുമ്പോള്‍ കെന്‍ഗുരുസ് രജ്പുത്താന റൈഫിള്‍സിലെ ജൂനിയര്‍ കമാന്‍ഡറായിരുന്നു. എന്നാല്‍, കെന്‍ഗുരുസിന്റെ ആത്മധൈര്യവും നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തെ ഘാതക് പ്ലാറ്റൂണിലെ ലീഡ് കമാന്‍ഡറാക്കി മാറ്റി.
ദ്രാസ് സെക്ടറിലെ ബ്ലാക്ക് റോക്ക് എന്നറിയപ്പെട്ടിരുന്ന കൊടുമുടി കീഴടക്കുകയെന്നതായിരുന്നു കെന്‍ഗുരുസിന്റെ ദൗത്യം. ഏറ്റവും തന്ത്രപ്രധാനമായ ബ്ലാക്ക് റോക്ക് പോസ്റ്റ് തിരിച്ചുപിടിക്കുകയെന്നത് ഏറെ ദുഷ്‌കരമായ ഓപ്പറേഷനായിരുന്നു. കാരണം ബ്ലാക്ക് റോക്കില്‍ നിലയുറപ്പിച്ച ശത്രു സൈന്യം അങ്ങോട്ടുള്ള പാതയിലേക്ക് നിരന്തരം വെടിയുതിര്‍ത്തു. അതിനാല്‍ ലക്ഷ്യ സ്ഥാനത്തേക്ക് എത്താന്‍ ഇന്ത്യന്‍ സൈനികര്‍ ഏറെ പ്രയാസപ്പെട്ടു. ബ്ലാക്ക് റോക്കിലെ പോസ്റ്റ് തിരിച്ചുപിടിക്കാതെ യുദ്ധത്തില്‍ ഇന്ത്യക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന അവസ്ഥയായി.
കാര്‍ഗില്‍ യുദ്ധത്തിലെ സുപ്രധാന ഏടായിരുന്നു ബ്ലാക്ക് റോക്കിലെ ഓപ്പറേഷന്‍. ഘാതക് പ്ലാറ്റൂണിനായിരുന്നു ദൗത്യത്തിന്റെ ചുമതല. 10 ഡിഗ്രിയില്‍ താഴെ മഞ്ഞുറഞ്ഞു കിടക്കുന്ന ചെങ്കുത്തായ മലനിരകളിലൂടെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബ്ലാക്ക് റോക്ക് ലക്ഷ്യമാക്കി നീങ്ങിയത്. കയറുകളിലൂടെ തൂങ്ങിയാണ് കെന്‍ഗുരുസും സംഘവും ശത്രുക്കളെ ലക്ഷ്യമാക്കി മുന്നേറിയത്. എന്നാല്‍ ഇതിനിടെ അദ്ദേഹത്തിന് അപ്രതീക്ഷിതമായി വയറിന് വെടിയേറ്റു. എന്നാല്‍, ദൗത്യം ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്ന കെന്‍ഗുരുസ് മുന്നോട്ട് തന്നെ പോകാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവസാനം ഗ്രിപ്പ് കിട്ടാത്തതിനാല്‍ ഷൂ ഊരിമാറ്റിയാണ് അദ്ദേഹം തണുത്തുറഞ്ഞ മഞ്ഞുമല കീഴടക്കിയത്.
ലക്ഷ്യസ്ഥാനത്തിന് അടുത്തുവെച്ച് ശത്രു സൈന്യവുമായി നേര്‍ക്കുനേര്‍ പോരാട്ടമുണ്ടായി. വയറില്‍ വെടിയേറ്റു വേദന കൊണ്ട് പുളയുന്നതിനിടയിലും അദ്ദേഹം നാല് ശത്രുക്കളെ വകവരുത്തി. ഏഴ് പാകിസ്താന്‍ ബങ്കറുകളെ ലക്ഷ്യമാക്കി കെന്‍ഗുരുസിന്റെ ഗ്രനേഡ് ലോഞ്ചര്‍ ചീറിപ്പാഞ്ഞു. എന്നാല്‍, അളവില്‍ കവിഞ്ഞ ശത്രുക്കളായിരുന്നു കെന്‍ഗുറേസിനെ കാത്തിരുന്നത്. തുടര്‍ന്ന് മെഷീന്‍ ഗണ്ണുകളില്‍ നിന്ന് കെന്‍ഗുരുസിനെ ലക്ഷ്യമാക്കി വെടിയുണ്ടകള്‍ പാഞ്ഞടുത്തു. ശത്രുക്കളുടെ വെടിയേറ്റ് അദ്ദേഹം താഴ്വരയിലേക്ക് പതിച്ചെങ്കിലും അവശേഷിച്ച സൈനികര്‍ ശത്രുക്കളെ തുരത്തി ബ്ലാക്ക് റോക്കില്‍ ത്രിവര്‍ണ പതാക പാറിച്ചു. 25-ാം വയസില്‍ മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ വീര ജവാന് രാജ്യം മഹാവീര്‍ ചക്ര നല്‍കി ആദരിച്ചു















