ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ നഗ്രോട്ട വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറിയ കേസില്‍ ഭീകരര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ദേശീയ സുരക്ഷാ ഏജന്‍സി. പ്രതികളായ ആറ് ജെയ് ഷെ മുഹമ്മദ് ഭീകര്ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജമ്മുകശ്മീരിലെ പ്രത്യേക എന്‍ഐഎ കോടതി മുന്‍പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ജെയ് ഷെ ഭീകരരായ സമീര്‍ അഹമ്മദ് ദാര്‍, ആസിഫ് അഹമ്മദ് മാലിക്, സര്ജദ് അഹമ്മദ് മാന്ണ്ടൂ, ശുഹൈബ് മന്‍സൂര്‍, സഹൂര്‍ അഹമ്മദ് ഖാന്, സുഹീല്‍ ജാവിദ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 121, 121എ, 122, 307 എന്നീ വകുപ്പുകളും, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ 16, 18, 19, 10, 38, 39 എന്നീ വകുപ്പുകളും ചുമത്തിയാണ് എന്‍ഐഎ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
2020 ജനുവരി 31 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ട്രക്കില്‍ കയറി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച പാക് ഭീകരരെ നഗ്രോട്ടയിലെ ടോള്‍ പ്ലാസയില്‍വെച്ച് പോലീസ് പിടികൂടുകയായിരുന്നു. അന്ന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. സമീറും അഹമ്മദ് ദാറുമാണ് ട്രക്ക് ഓടിച്ചിരുന്നത്. പോലീസ് ഉദ്യോഗസ്ഥരെ കണ്ട് ഭീകരര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിസാഹസികമായി പിടികൂടുകയായിരുന്നു.
സംഭവത്തില്‍ നഗ്രോട്ട പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടക്കത്തില്‍ പോലീസിന് ആയിരുന്നു അന്വേഷണ ചുമതല എങ്കിലും പിന്നീട് അന്വേഷണം എന്‍ഐഎയക്ക് കൈമാറുകയായിരുന്നു.