മിലാന്: ലാസിയോയ്ക്ക് ഇറ്റാലിയന്‍ ലീഗ് മത്സരത്തില്‍ ഉശിരന്‍ ജയം. വെറോണയെ 5-1നാണ് ലീഗിലെ അവസാനഘട്ട പോരാട്ടത്തില്‍ ലാസിയോ തകര്‍ത്തുവിട്ടത്. ലീഗിലെ വമ്പന്മാരായ യുവന്റ്സിനെപോലും ഞെട്ടിക്കുന്ന പ്രകടനമാണ് ലാസിയോ പുറത്തെടുത്തത്. സിര്‍കോ ഇമൊബീലിയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് ടീമിന് 5-1ന്റെ ജയം നല്‍കിയത്. ഹാട്രിക് നേട്ടത്തോടെ ഗോള്‍ഡന്‍ ബൂട്ടിനുള്ള അവകാശിയാകാമെന്ന ക്രിസ്റ്റ്യാനോയുടെ സ്വപ്നത്തിന് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്.
ഇരുവരും ഇറ്റാലിയന്‍ ലീഗിലെ ടോപ് സ്കോറര്‍മാരായി 30 ഗോളുകളുമായി നില്‍ക്കവേയാണ് ഇന്നലെ റൊണാള്‍ഡോ ഒരു ഗോളടിച്ചത്.സാംപദോറിയക്കെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. ഇതോടെ യുവന്റസ് താരം 31 ഗോളിലെത്തിയിരുന്നു. എന്നാല്‍ ഇന്നലെ ലാസിയോതാരം മൂന്ന് ഗോളടിച്ച് മുന്നേറിയിരിക്കുകയാണ്.
ഇന്നലത്തെ ഗോളോടെ ലീഗ് ചരിത്രത്തിലെ ഇതുവരെയുള്ള ഗോള്‍ നേട്ടമായ 36 എന്നതിന് ഇമോബിലി രണ്ടു ഗോള്‍ പിറകിലെത്തി. ഗോണ്‍സാലോ ഹിഗ്വയിനിന്റെ നേട്ടത്തിന് രണ്ടു ഗോള്‍വ്യത്യാസത്തിലാണ് നിലവില്‍ ഇമോബിലി. നിലവില്‍ 34 ഗോളുകളാണ് ഇമോബിലി അടിച്ചത്. റൊണാള്‍ഡോ 31 ഗോളിലുമാണ് നില്‍ക്കുന്നത്. ലെവന്‍ഡോവ്സ്കിയും 34 ഗോളുകളുമായിട്ടാണ് യൂറോപ്പിലെ ലീഗുകളിലെ മുന്‍നിരക്കാരനായി നില്‍ക്കുന്നത്.ജര്‍മ്മന്‍ ലീഗിലാണ് ലെവന്‍ഡോവ്സ്കി കളിക്കുന്നത്.
രണ്ടു പെനാല്റ്റിയടക്കമാണ് ഇമൊബീലി തന്റെ ഹാട്രിക് തികച്ചത്. കളിയുടെ ആദ്യപകുതിയില്‍ വെറോണയാണ് ആദ്യം ഗോളടിച്ചത്. 39-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി സൊഫിയാന്‍ അമ്രാബാത് ഗോളാക്കി. എന്നാല്‍ പിന്നീട് ലാസിയോ കളി പിടിച്ചെടുത്തു. ആദ്യപകുതിയിലും രണ്ടാം പകുതിയിലുമായി 5 ഗോളുകളാണ് ലാസിയോ അടിച്ചുകൂട്ടിയത്. ഇമോബിലിയോ ആദ്യ പകുതിയുടെ അധിക സമയത്ത് കിട്ടിയ പെനാല്‍റ്റിയിലൂടെ സമനില പിടിച്ചു. തുടര്‍ന്ന് 56-ാം മിനിറ്റില്‍ സെര്‍ജീ മിനിന്കോവിച്ചും 63-ാം മിനിറ്റില്‍ ജൊവാക്വിനും ടീമിന് 3-1ന്റെ ലീഡ് നല്കി. എന്നാല്‍ 83-ാം മിനിറ്റിലും കളിയുടെ അവസാന മിനിറ്റിലും പെനാല്‍റ്റികള്‍ വലയിലാക്കി ഇമോബിലിയോ ഹാട്രിക്കോടെ ടീമിന് 5-1ന്റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചു.