ന്യൂഡല്‍ഹി: ഇന്ത്യയുടെ മണ്ണില്‍ റഫേല്‍ പറന്നിറങ്ങിയപ്പോള്‍ അതിനൊപ്പം ഒരു പേര് ഏറെ പ്രാധാന്യത്തോടെ രേഖപ്പെടുത്തപ്പെട്ടരിക്കുകയാണ്. പ്രതിരോധ രംഗത്തെ ഇന്ത്യയുടെ പ്രതിനിധിയായ എയര്‍ കൊമ്മോഡോര്‍ ഹിലാല്‍ അഹമ്മദ് റാത്താര്‍ ആ വൈമാനികന്‍. നിലവില്‍ ഫ്രാന്‍സിലെ എയര്‍ അറ്റാഷേ എന്ന നിലയിലാണ് ജമ്മുകശ്മീരിലെ അനന്തനാഗ് സ്വദേശിയായ ഹിലാല്‍ പ്രവര്‍ത്തിക്കുന്നത്. റഫേലിന്റെ കൈമാറ്റം ഒരു തരത്തിലും വൈകാതെ കൃത്യതയോടെ നടക്കാന്‍ ഏറ്റവും നിര്‍ണ്ണായക ദൗത്യം ഇന്ത്യ ഏല്‍പ്പിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.
എയര്‍ കൊമ്മോഡോര്‍ ഹിലാല്‍ അഹമ്മദ് റാത്താര്‍ ഇന്ത്യയുടെ അഭിമാനമായ സൈനികനാണ്. മാത്രമല്ല ഒരു സേനാ കുടുംബത്തില്‍ നിന്നുമാണ് റത്താര്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. റത്താറിന്റെ അച്ഛന്‍ ജമ്മുകശ്മീരിലെ ഡിഎസ്പി റാങ്കിലിരുന്ന ഉദ്യോഗസ്ഥനാണ്. 3000 മണിക്കൂര്‍ യുദ്ധവിമാനം പറത്തിയ ഇന്ത്യയുടെ ഏറ്റവും മികച്ച വൈമാനികനെന്ന നിലയിലുംഹിലാല്‍ ഏറെ വിശ്വാസ്യത നേടിയ സൈനികനാണ്.
ഇന്ത്യയുടെ ആവശ്യമനുസരിച്ചുള്ള മാറ്റം ഉറപ്പാക്കാനായാണ് ഹിലാൽ അഹമ്മദ് നേരത്തെ തന്നെ ഫ്രാൻസിലെത്തിയത്. ലഡാക്കിലെ അത്യന്തം കടുത്ത കാലാവസ്ഥകളെ അതിജീവിക്കാനും മലനിരകളില്‍ ഇറങ്ങാനും ഉയരാനും ഉള്ള സാങ്കേതിക വിദ്യ റഫേലില്‍ കൂട്ടിയിണക്കിയാണ് ഇന്ത്യയ്‌ക്ക് കൈമാറിയിരിക്കുന്നത്.















