കൊറോണ രോഗമുക്തരായവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍. കൊറോണ രോഗമുക്തി നേടിയവരില്‍ 80 ശതമാനം ആളുകളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നം ഉണ്ടാകുന്നതായി പഠനങ്ങളില്‍ തെളിഞ്ഞു. ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച 100 രോഗികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകരാണ് പഠനം നടത്തിയത്.
രോഗമുക്തി നേടിയ 100 രോഗികളില്‍ 78 പേര്‍ക്കും ഹൃദയാഘാതത്തിനുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൃദയാഘാത സമയത്ത് ഉണ്ടാകുന്ന ട്രോപ്പിനില്‍ എന്ന പ്രോട്ടീന്‍ നില 76 പേരിലും വലിയ അളവിലാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു. രോഗബാധിതരായ 60 പേരില്‍ 71 ദിവസത്തിന് ശേഷവും ഹൃദയത്തില്‍ അണുബാധ ഉള്ളതായ കണ്ടെത്തിയെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
നെഞ്ചു വേദന, ശ്വാസതടസം, ക്ഷീണം, അമിത വിയര്‍പ്പ് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ അത് നിസാരമായി കാണരുതെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്.















