ന്യൂഡല്‍ഹി : ഇന്ത്യയുടെ വികസന പങ്കാളിത്തം നിബന്ധനകളോട് കൂടിയുള്ളതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യാതൊരു നിബന്ധനകളും മുന്നോട്ടു വയ്ക്കാതെയാണ് ഇന്ത്യ വികസന പ്രവര്‍ത്തനങ്ങളില്‍ അയല്‍ രാജ്യങ്ങളുമായി സഹകരിക്കുന്നത്. സാമ്പത്തിക, രാഷ്ട്രീയ പരിഗണനകള്‍ സ്വാധീനിക്കാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൗറീഷ്യസിലെ സുപ്രീംകോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൗറീഷ്യസിലെ സുപ്രീംകോടതി കെട്ടിടം ഇന്ത്യയാണ് നിര്‍മ്മിച്ച് നല്‍കിയത്. ഇതിനായി 30 മില്യണ്‍ ഡോളറാണ് ഇന്ത്യ ചിലവിട്ടത്.
രാജ്യത്തെ ജനങ്ങളെ കേന്ദ്രീകരിക്കുന്നതാണ് ഇന്ത്യയുടെ വികസന നയം. വികസന പങ്കാളിത്തത്തിന്റെ പേരില്‍ രാജ്യങ്ങള്‍ ആശ്രയ പങ്കാളിത്തത്തിലേക്ക് നയിക്കപ്പെടുന്നു എന്നാണ് ചരിത്രം പഠിപ്പിച്ചിരിക്കുന്നത്. ഇത് കോളനി വത്കരണ, സാമ്രാജ്യത്വ ഭരണത്തിന്റെ ഉദയത്തിന് കാരണമാകും. ഇത് ലോകശക്തികള്‍ ഉദയം കൊള്ളുന്നതിലേക്ക് നയിക്കും. രാജ്യങ്ങളെ കടക്കെണിയില്‍ ആക്കുന്ന ചൈനയുടെ നടപടികള്‍ ചെറിയ രാജ്യങ്ങളെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബഹുമാനം, വൈവിധ്യം, ഭാവിയിലേക്കുള്ള കരുതല്‍, സുസ്ഥിര വികസനം എന്നിവയാല്‍ അടയാളപ്പെടുത്തിയതാണ് മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വികസന പങ്കാളിത്തം. പങ്കാളികളെ ബഹുമാനിക്കുകയാണ് ഇന്ത്യയുടെ വികസന സഹകരണത്തിലെ പ്രധാന തത്വം. വികസനം സംബന്ധിച്ച അറിവുകള്‍ കൈമാറുകയാണ് രാജ്യത്തിന്റെ പ്രധാന ഉദ്ദേശ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.