ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജാ ചടങ്ങില്‍ എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും ആരോഗ്യ നില കണക്കിലെടുത്താണ് തീരുമാനം. ഭൂമി പൂജാ ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുന്ന പത്ത് പ്രമുഖ നേതാക്കളുടെ പട്ടിക ഭരണകൂടം തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 5 നാണ് അയോദ്ധ്യ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വളരെ കുറച്ച് പേരെ മാത്രമാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ നാല് വിശിഷ്ടാത്ഥിതികളാണ് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, റാം മന്ദിര്‍ ക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നിര്‍ത്യ ഗോപാല്‍ ദാസ് എന്നിവരാണ് പ്രധാനമന്ത്രിയ്ക്കൊപ്പം വേദിയില്‍ ഉണ്ടാകുക. കൊറോണ നിയന്ത്രണങ്ങളെല്ലാം പാലിച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. ഭൂമി പൂജാ ചടങ്ങിന് മുന്നോടിയായി കര്‍ശന സുരക്ഷയാണ് അയോദ്ധ്യയില്‍ ഒരുക്കിയിരിക്കുന്നത്.