കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എന്‍ഐഎ പരിശോധന. എന്‍ഐഎ ദക്ഷിണ മേഖല മേധാവി കെ.ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ പരിശോധന നടത്തിയ സംഘം കസ്റ്റംസ് അധികൃതരുമായി കൂടിക്കാഴ്ച്ചയും നടത്തി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയും സ്വര്‍ണ്ണം കടത്ത് സംഘം കള്ളക്കടത്ത് നടത്തിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ഐഎ പരിശോധന. വിമാനത്താവളത്തില്‍ എത്തിയ അന്വേഷണ സംഘം കാര്‍ഗോ വിഭാഗത്തില്‍ പരിശോധന നടത്തി. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ മലപ്പുറം സ്വദേശി കെ.ടി റമീസിനെ മുന്‍പ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് പിടികൂടിയിരുന്നു.
വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയതിനും തോക്ക് കടത്തിയതിനുമായിരുന്നു അന്ന് പിടികൂടിയത്. അപ്പോഴെല്ലാം തുടരന്വേഷണങ്ങളില്‍ നിന്നും രക്ഷപ്പെട്ട റമീസ് പിന്നീടും വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയിരുന്നു. കൊച്ചി വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണക്കടത്തുകളുടെ വിവരം ശേഖരിക്കാനായിരുന്നു എന്‍ഐഎയുടെ പരിശോധന.
സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുള്ളതായി കണ്ടെത്തിയ മൂവാറ്റുപുഴ സംഘം പലപ്പോഴായി കൊച്ചി വഴി സ്വര്‍ണ്ണം കടത്തിയിരുന്നു. സ്വര്‍ണ്ണം കടത്താനായി കള്ളക്കടത്ത് സംഘത്തെ സഹായിച്ച ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം കണ്ണമാലി സ്വദേശി സുനില്‍ ഫ്രാന്സിനിനെയാണ് അറസ്റ്റ് ചെയ്തിരുന്നത്. കള്ളക്കടത്തില്‍ വിമാനത്താവളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് എന്‍ഐഎക്ക് ലഭിക്കുന്ന വിവരം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് എന്‍ഐഎ സംഘം വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്. എന്‍ഐഎ സംഘം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.