മുഖസൗന്ദര്യത്തിലെ ഒരു പ്രധാന ഘടകമാണ് മുല്ല പൂ മൊട്ടു പോലെയുള്ള പല്ലുകൾ. അതിനാൽ തന്നെ പല്ലുകളുടെ ആകൃതി നേരെയാക്കാൻ കമ്പി ഇടാറുണ്ട്. എന്നാൽ പല്ലിൽ കമ്പിയിടുക എന്നതിനോട് മിക്ക ആളുകൾക്കും താല്പര്യം ഉണ്ടാവാറില്ല.
പല്ലിൽ കമ്പി ഇടാൻ താല്പര്യം ഇല്ലാത്തവർക്കായി മറ്റു ചില മാർഗങ്ങൾ ഉണ്ട്. പല്ലിൽ കമ്പിയിടാതെ പല്ല് നേരെ ആകുമെന്നോ? അത്ഭുതപ്പെടേണ്ട. ആ മാർഗങ്ങളിൽ ഏറ്റവും ആധുനികമായ ഒന്നാണ് ഇൻവിസിബിൾ അലൈനേർ. പേര് പോലെ തന്നെ പല്ലിന്റെ പുറം ഭാഗത്തേക്ക് ദൃശ്യമാകാത്ത ക്ലിപ്പുകൾ ആണ് ഇവ. ഇൻവിസ് അലൈൻ എന്ന ആഗോള ബ്രാൻഡ് ആണ് ഈ ക്ലിപ്പുകൾക്ക് പിറകിൽ. ഉപഭോക്താക്കളുടെ ആവശ്യാനുസരണം അവർ ആവശ്യപ്പെടുന്ന അളവിൽ നിർമിച്ച് നൽകുകയാണ് പതിവ്. സാധാരണ കമ്പിയെക്കാളും മികച്ച റിസൾട്ട് നൽകാൻ ഇവയ്ക്ക് സാധിക്കുമെന്നാണ് കമ്പനിയും ഉപഭോക്താക്കളും പറയുന്നത്.
പല്ലിൽ കമ്പി ഇട്ടിരിക്കുന്ന അവസ്ഥയിലും സൗന്ദര്യ ബോധത്തെ കുറിച്ച് വ്യാകുലരാകുന്നവർക്കുള്ള പരിഹാരം ആണ് ഇൻവിസിബിൾ അലൈനേർ. ആഹാരം കഴിക്കുന്ന സമയത്തും ബ്രഷ് ചെയ്യുമ്പോഴും അനായാസമായി ഊരി വെക്കാനും തിരിച്ച് വെക്കാനും സാധിക്കുന്ന ഒന്നാണിത്. വേദന ഉണ്ടാകുമെന്ന പേടിയും വേണ്ട. വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന ഒന്നാണ് ഇൻവിസിബിൾ അലൈനേർ. മിനുസമാർന്ന പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. പല്ലിൽ കമ്പി ഇടുമ്പോൾ സംസാരത്തിലോ ശബ്ദത്തിലോ മാറ്റം വരുന്നത് പോലെയുള്ള പ്രശ്നം ഇത് ഉപയോഗിക്കുമ്പോൾ ഉണ്ടാവുകയില്ല എന്ന് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയിലെ വില ഏകദേശം 1.7 ലക്ഷം മുതൽ 4 ലക്ഷം വരെയാണ്. സാധാരണക്കാർക്ക് ഇതൊരു വലിയ തുകയായി തോന്നുമെങ്കിലും സൗന്ദര്യത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നവർക്ക് ഇതൊരു നിസ്സാര തുക തന്നെയാണ്. ദിവസവും 22 മണിക്കൂർ എങ്കിലും ഇൻവിസിബിൾ അലൈനേർ ഉപയോഗിക്കണം എന്നതാണ് മറ്റൊരു പോരായ്മ.