ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ജയിലില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കൂട്ട ജയില്‍ച്ചാട്ടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജയിലിന് സമീപം അഫ്ഗാന് സുരക്ഷ സേനയും ഐസ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ജയിലിലെ 75ഓളം തടവുകാര്‍ രക്ഷപെട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെ ജയിലിന് മുന്നില്‍ ഒരു കാര്‍ പൊട്ടിത്തെറിച്ചതോടെയാണ് ആക്രമണങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ ഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ അഞ്ചോളം പ്രദേശവാസികള്‍ കൊല്ലപ്പെടുകയും, 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു രാത്രി മുഴുവന്‍ ആക്രമണം നീണ്ടു നിന്നതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പൊലീസും അഫ്ഗാന് സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം നടത്തിയത്. 75ഓളം തടവുകാര്‍ ഇവിടെ നിന്ന് രക്ഷപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ എത്രയും വേഗം പിടികൂടുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അഫ്ഗാന് പൊലീസ് പറഞ്ഞു.
വെടിവയ്പ്പിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഭീകരര്‍ ഏറ്റെടുക്കുകയായിരുന്നു. ജലാലാബാദിലെ ഐഎസിന്റെ സീനിയര്‍ കമാന്‍ഡറെ സ്പെഷ്യല്‍ ഫോഴ്സ് കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസ് ഭീകരര്‍ ജയിലില്‍ ആക്രമണം നടത്തിയതെന്ന് അഫ്ഗാന് ഇന്റലിജന്‍സ് ഏജന്‍സി ചൂണ്ടിക്കാട്ടി. കാബൂളില്‍ നിന്ന് 130 കിമി അകലെയാണ് ജലാലാബാദിലെ ഈ ജയില്‍ സ്ഥിതി ചെയ്യുന്നത്.
നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസിന് 2200 പ്രാദേശിക അംഗങ്ങളുണ്ടെന്നാണ് യുഎന്‍ പറയുന്നത്. ശക്തമായ നേതൃത്വം ഇല്ലാത്തതിനാല്‍ ഇവര്‍ ഇവിടെ നിന്ന് പിന്മാറുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ആക്രമണം ഉണ്ടായത്.