കോട്ടയം: കോട്ടയത്ത് കടന്നൽകുത്തേറ്റ് വയോധികൻ മരിച്ചു. പാലാ കൊഴുവനാൽ സ്വദേശി ഉണ്ണി (65) ആണ് കടന്നൽക്കുത്തേറ്റ് മരിച്ചത്.അകലക്കുന്നം പഞ്ചായത്തിലെ മെറ്റൽ ക്രഷറിന് സമീപം വച്ചാണ് കടന്നൽക്കുത്തേറ്റത്. ബാർബറായ ഇദ്ദേഹം ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴി ആണ് അപകടമുണ്ടായത് . റോഡരികിലുള്ള ആഞ്ഞിലി മരത്തിൽ നിന്നിളകി വന്ന കടന്നൽക്കൂട്ടം വളഞ്ഞിട്ട് കുത്തുകയായിരുന്നു.
കുത്തേറ്റ അവശനിലയിലായ അദ്ദേഹത്തെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ശാരീരിക അസ്വാസ്ഥ്യം കുറഞ്ഞതോടെ വീട്ടിലേക്ക് തിരിച്ചുപയി. നിർബന്ധപൂർവ്വം ഡിസ്ചാർജ്ജ് വാങ്ങിയാണ് അശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
എന്നാൽ വീട്ടിലെത്തി വൈകിട്ടോടെ വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അല്പസമയ്തതിനകം തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെറ്റല്‍ ക്രഷറിന് സമീപത്തെ കടന്നൽ ശല്യത്തെക്കുറിച്ച് നാട്ടുകാർ പരാതി നല്‍കിയിരുന്നു. . മുമ്പും പല ആളുകൾക്കും കടന്നൽക്കുത്തിൽ പരിക്കേറ്റിട്ടുണ്ട്. കടന്നൽ കൂട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.