ന്യൂഡല്‍ഹി: ഇന്ത്യയിലെ വിദ്യാഭ്യാസ നയത്തിലെ മാറ്റം നരേന്ദ്രമോദി നാളെ വ്യക്തമാക്കും. ഉന്നത വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട ദേശീയ കോണ്‍ക്ലേവിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. കോണ്‍ക്ലേവ് ഓണ്‍ ട്രാന്‍സ്ഫൊര്‍മേഷണല്‍ റിഫോംസ് ഇന്‍ ഹയര്‍ എഡ്യൂക്കേഷന്‍ അണ്ടര്‍ നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി എന്ന വിഷയത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്രവിദ്യാഭ്യാസ വകുപ്പും യു.ജി.സിയും സംയുക്തമായാണ് വെര്‍ച്വല്‍ കോണ്‍ക്ലേവ്് നടത്തുന്നത്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തെ അധികരിച്ചാണ് കോണ്‍ക്ലേവ്. വിദ്യാഭ്യാസ രംഗത്തെ നിരവധി വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ചചെയ്യപ്പെടും. വിദ്യാഭ്യാസ രംഗത്തെ ബഹുമുഖങ്ങളായ സാധ്യതകളും ഭാവിയിലെ വിദ്യാഭ്യാസവും ഒരു പ്രധാന വിഷയമായിരിക്കും. ഗവേഷണ രംഗത്തെ നൂതന സങ്കേതങ്ങള്‍ ചര്‍ച്ചയാകും. വിദ്യാഭ്യാസ രംഗത്തെ സാങ്കേതിക വിദ്യകളുടെ ഗുണപരമായ ഉപയോഗവും ചര്‍ച്ചയിലെ പ്രധാനവിഷയമാണെന്ന് വിദ്യാഭ്യാസ വകുപ്പറിയിച്ചു.
പ്രധാനമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്, വിവരസാങ്കേതികവകുപ്പിന്റെ സഹമന്ത്രി സഞ്ജയ് ധോത്ര എന്നിവരും പങ്കെടുക്കും. കോണ്‍ക്ലേവില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ വൈസ് ചാന്‍സലര്‍മാര്‍, വിദ്യാഭ്യാസ നയം രൂപീകരണ കമ്മിറ്റി അംഗങ്ങള്‍, മറ്റ് പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണരും ശാസ്ത്രജ്ഞരും പങ്കുചേരുമെന്നും വിദ്യാഭ്യാസ വകുപ്പറിയിച്ചു.
Comments