മനോഹരമായ പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് മധ്യ പ്രദേശിലെ ചിന്ദ്വാര ജില്ല. ഓറഞ്ച് കൃഷിക്കും , പരുത്തി കൃഷിക്കും പേര് കേട്ട ചിന്ദ്വാര ജില്ല ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് പാതാൾകോട്ട് എന്ന സ്ഥലത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോട് കൂടിയാണ് .
ഭൂരിഭാഗവും വനമേഖലയായ ചിന്ദ്വാര ജില്ലയെ നാലു വനപ്രദേശങ്ങളായിട്ടാണ് തിരിച്ചിട്ടുള്ളത് . അതിൽ താമിയ പ്രദേശത്താണ് പാതാൾകോട്ട് സ്ഥിതി ചെയ്യുന്നത് . ഗോൻഡ്സ് , ഭാരിയ എന്ന നാമത്തിൽ അറിയപ്പെടുന്ന ആദിവാസി ഗോത്രത്തിൽ പെട്ടവരാണ് ഇവിടെയുള്ള പ്രദേശവാസികൾ . കുതിരലാടത്തിന്റെ ആകൃതിയിൽ ഉള്ള പ്രദേശം വലിയ മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു .
സംസ്കൃതത്തിൽ വളരെ താഴ്ചയുള്ള എന്ന അർത്ഥം വരുന്ന “പാതാളം ” എന്ന വാക്കിൽ നിന്നാണ് ഈ പ്രദേശത്തിന് പാതാൾകോട്ട് എന്ന പേര് ലഭിച്ചത് . പുരാണങ്ങളിലെ ഐതിഹ്യം അനുസരിച്ചു ലങ്കാധിപതിയായ രാവണന്റെ പുത്രൻ മേഘനാഥൻ , പരമശിവനെ വന്ദിച്ചതിനു ശേഷം പാതാള ലോകത്തേക്ക് പോയത് ഈ വഴിയാണ് എന്ന് പറയപ്പെടുന്നു .ഇത് കൂടാതെ മറ്റൊരൈതിഹ്യം ഉള്ളത് സീതാദേവി ഭൂമിയിലേക്ക് അന്തർധാനം ചെയ്തത് ഇവിടെ വെച്ചാണെന്നും അതിനാലാണ് അവിടെ വലിയ ഗർത്തം ഉണ്ടായതെന്നും വിശ്വസിക്കുന്നു . പതിനെട്ട് പത്തൊൻപത് നൂറ്റാണ്ടുകളിൽ ഇവിടം ഭരിച്ചിരുന്ന രാജാക്കന്മാർ, ഹോഷംഗാബാദ് ജില്ലയിലെ ‘പച്മരി’ എന്ന സ്ഥലവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന നീളമുള്ള തുരങ്കം നിർമ്മിച്ചിട്ടുള്ളതായി കാണപ്പെടുന്നു .
വനത്തിൽ വളരുന്ന സസ്യങ്ങൾ കൊണ്ട് ഫലപ്രദമായ ചികിത്സാരീതികൾ അറിയാവുന്നവരാണ് ഗോൻഡ്സ്, ഭാരിയസ് വിഭാഗക്കാർ. കാടിന് അകത്തു വളരെയധികം ഉൾഭാഗത്തേക്കായി സ്ഥിതി ചെയ്തിരുന്ന ഈ സ്ഥലത്തിന് പുറംലോകവുമായി യാതൊരു ബന്ധവും അടുത്തകാലം വരെയുണ്ടായിരുന്നില്ല . കാട്ടിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണവും, മരുന്നും, വീടുകൾ കെട്ടാനും അറിയാവുന്ന ഈ വർഗ്ഗക്കാർ , പരസ്പരം സഹായിച്ചും താങ്ങുമായാണ് ജീവിച്ചു പോരുന്നത്. ഇവിടെയുള്ള അപൂർവ സസ്യ സമ്പത്തിനെ കുറിച്ചറിഞ്ഞതോടെ ചൂഷണവും ആരംഭിച്ചിരിക്കുന്നു .
അസെറേസി വർഗ്ഗത്തിൽ പെട്ട തൊള്ളായിരം ഇനത്തിൽ പെട്ട സസ്യങ്ങളുടെ അപൂർവ്വശേഖരം ഈ പ്രദേശങ്ങളിൽ വളരുന്നു . കൂടാതെ മറ്റനേകം ഔഷധസസ്യങ്ങളും ഈ വനപ്രദേശത്തു ലഭ്യമാണ് . പരമ്പരാഗത ആദിവാസി ഗോത്ര ചികിത്സകൾ – ശരീര വേദന , കണ്ണുദീനം , മലബന്ധം , ചുമ , ജലദോഷം , വയറിളക്കം , ചർമ്മസൗന്ദര്യം , ചെവി വേദന , തലവേദന , പനി , ദഹനപ്രശ്നങ്ങൾ , മഞ്ഞപിത്തം , മൂത്രത്തിൽ കല്ല് , മലേറിയ , ചെന്നിക്കുത്ത് , തളർവാതം തുടങ്ങി ഒട്ടനവധി അസുഖങ്ങളുടെ ചികിത്സക്കായി ഉപയോഗിക്കുന്നു .
പാതാളകോട്ട് സന്ദർശിക്കാൻ പറ്റിയ ഏറ്റവും ഉചിതമായ സമയം മഴക്കാലമാണ് . മേഘങ്ങളാൽ മൂടപ്പെട്ട ആകാശവും , ഭൂമിയുടെ ഗന്ധവും , കുളിർമയുള്ള കാലാവസ്ഥയും ഈ സമയങ്ങളിൽ പാതാളകോട്ടയെ അതി സുന്ദരിയാക്കുന്നു .
Comments