ഐക്കണിക്ക് മോട്ടോർ സൈക്കിളായ ജാവയുടെ കസ്റ്റം മെയ്‍ഡ് ബൈക്കായ പെരാക്കിന്‍റെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ചു. മാസങ്ങളായി കാത്തിരിക്കുന്ന മോട്ടോർ വാഹന പ്രേമികൾക്ക് സന്തോഷം പകരുന്ന ഒരു വാർത്ത തന്നെയാണ് ഇത്.
കഴിഞ്ഞ വർഷമാണ് മഹീന്ദ്രയുടെ നേതൃത്വത്തിൽ രൂപീകരിച്ച ക്ലാസിക് ലെജന്റ്സ് എന്ന പുതിയ കമ്പനി ഐതിഹാസിക ചെക്കോസ്ലോവാക്യൻ ബൈക്ക് ബ്രാൻഡ്, ‘ജാവ’യെ ഇന്ത്യയിൽ നിരത്തിലെത്തിച്ചത്. എന്നാൽ ആ സമയം ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തില്‍ എത്തിയത്. ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് 2018 ല്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഇതുവരെ വിപണിയില്‍ എത്തിയിരുന്നില്ല.
ആദ്യം നിരത്തിലെത്തിച്ച രണ്ട് മോഡലുകളുമായി യാത്ര ആരംഭിച്ച ജാവ ഇന്ന് ഇന്ത്യയുടെ ക്ലാസിക് ബൈക്ക് വിപണിയിൽ റോയൽ എൻഫീൽഡിന് ഒരു കനത്ത വെല്ലുവിളിയായി മാറിക്കഴിഞ്ഞു. ഇതിനിടയിലാണ് ബ്രാൻഡ് അവതരണ സമയത്ത് പ്രദർശിപ്പിച്ച കസ്റ്റം ബോബര്‍ മോഡൽ പെരാക്ക് ജാവയുടെ മൂന്നാമനായി നിരത്തുകളിൽ സ്ഥാനം പിടിക്കാനൊരുങ്ങുന്നത്.
കസ്റ്റമൈസേഷൻ സാദ്ധ്യതകൾ അവതരിപ്പിക്കുന്ന ജാവ പെരാക്കിന് Rs 1,94,500 രൂപയാണ് എക്‌സ്-ഷോറൂം വില. കഴിഞ്ഞ വർഷം പെരാക്കിനെ അവതരിപ്പിച്ചപ്പോൾ പ്രഖ്യാപിച്ച Rs 1.89 (എക്‌സ് ഷോറൂം) ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, Rs 5,500 രൂപ മാത്രമേ ജാവ വർധിപ്പിച്ചിട്ടുള്ളു.
ബൈക്ക് ഉപഭോക്താക്കള്‍ക്ക് 2020 ജൂലൈ 20 മുതലാണ് പുതിയ മോഡൽ കൈമാറാൻ തുടങ്ങിയത്. എന്നാൽ ജനുവരിയിൽ വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിച്ച ജാവ ഏപ്രിൽ രണ്ടാം തിയതി മുതൽ ഡെലിവറി ആരംഭിക്കേണ്ടതായിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ നിർമാണശാല അടച്ചിട്ടതോടെ പെരാക്കിന്‍റെ വിപണി പിന്നെയും വൈകി. ഈ കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമായത്.
1946-ൽ പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഒറിജിനല്‍ പെരാക് മോട്ടോര്‍ സൈക്കിളില്‍ നിന്നാണ് പുതിയ ബൈക്കിന് പേര് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന് നൽകിയിരിക്കുന്നത്. കോൺട്രാസ്റ്റിംഗ് നിറത്തിലുള്ള ഫ്ലോട്ടിങ് രീതിയിൽ ക്രമീകരിച്ചിരിക്കുന്ന റൈഡർ സീറ്റ്, ബാർ-എൻഡ് മിററുകൾ, നീളം കുറഞ്ഞ മഡ്ഗാർഡ്, വലിപ്പം കുറഞ്ഞ എക്സ്ഹോസ്റ്റ് എന്നിങ്ങനെ ഒരു കസ്റ്റം ബോബര്‍ മോഡലിൽ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും പെരാക്കിലുണ്ട്. കറുപ്പിൽ പൊതിഞ്ഞ എൻജിൻ, സ്പോക്ക് വീൽ, എക്സ്ഹോസ്റ്റ് പൈപ്പ് എന്നിവ പെരാക്കിന് ഒരു ആധുനിക മുഖഭാവം നൽകുന്നുണ്ട്.
ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എന്‍ജിനാണ് പരേക്കിന്‍റെ ഹൃദയം. മറ്റു ജാവകളെക്കാള്‍ കരുത്തുകൂടുമെന്ന് ചുരുക്കം. ഈ എഞ്ചിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ആറ് സ്‍പീഡാണ് ട്രാന്‍സ്‍മിഷന്‍. 27 ബിഎച്ച്പി പവറും 28 എന്‍എം ടോർക്കും നിർമിക്കുന്ന മറ്റുള്ള ജാവ മോഡലുകളുടെ എഞ്ചിനെക്കാൾ ഡിസ്പ്ലേസ്‌മെന്റ് കൂടുതലുള്ള എൻജിനാണ് പെരാക്കിന്. സബ് ഫ്രെയിമും വ്യത്യസ്തമാണ്. ടെലിസ്കോപിക് മുൻ ഫോർക്കും മോണോഷോക്ക് പിൻ സസ്പെൻഷനുമുള്ള പെരാക്കിന് മുൻപിലും പിന്നിലും ഡിസ്ക് ബ്രെക്കുകളാണ്. കണ്ണീര്‍ത്തുള്ളിയുടെ ആകൃതിയുള്ള ഇന്ധന ടാങ്ക്, കോണ്ടിനെന്റൽ പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഡ്യുവൽ ചാനൽ എബിഎസ്സും പെരാക്കിൽ ബ്രേക്കിങ്ങിനായുണ്ട്.
ജാവ, ജാവ 42 എന്നീ മോഡലുകളെക്കാൾ നീളം കൂടുതലുള്ള മോഡലാണ് ജാവ പെരാക്ക്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. 750 മില്ലി മീറ്ററാണ് സീറ്റിന്റെ ഉയരം. 179 കിലോഗ്രാം ഭാരം.
Comments