ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണ ബയേണ്‍ മ്യൂണിച്ചിനെ നേരിടും. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും നേര്‍ക്കുനേര്‍ പോരാടുമെന്നതാണ് മത്സരത്തിലെ മറ്റൊരു സവിശേഷത.
തുല്യശക്തികളെന്ന് വിശേഷിപ്പിക്കാമെങ്കിലും ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബയേണിനാണ് മുന്‍തൂക്കം. എന്നാല്‍ ബാഴ്‌സലോണയും ആരാധകരും മെസി മാജിക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. മത്സരത്തിന്റെ ഗതി മാറ്റാന്‍ മെസിയുടെ ഇടംകാലിന് കരുത്തുണ്ടെന്ന് തന്നെയാണ് ബാഴ്‌സയുടെ പരിശീലകനായ ക്വീകെ സെറ്റിയെനും വ്യക്തമാക്കിയിട്ടുള്ളത്.
ബാഴ്‌സയും ബയേണും എന്നൊക്കെ ഏറ്റുമുട്ടിയിട്ടുണ്ടോ അതിലെ വിജയികളാണ് അന്നൊക്കെ ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയിട്ടുള്ളത് എന്നതാണ് ഇന്നത്തെ മത്സരത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ടീമുകള്‍ (18 തവണ വീതം) പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ആവേശഭരിതമായ മത്സരത്തിനാകും ലെസ്ബണ്‍ വേദിയാകുക എന്ന് ഉറപ്പാണ്.















