ന്യൂഡല്‍ഹി: ജമ്മുകശ്മീരിനേയും ലഡാക്കിനേയും പ്രത്യേകമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി. രാജ്യത്തെ വികസന പ്രക്രീയയില്‍ ജമ്മുകശ്മീരും ലഡാക്കും അതിവേഗത്തില്‍ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. എല്ലാ പഞ്ചായത്തുകളേയും ശാക്തീകരിച്ചു കൊണ്ടുള്ള ഭരണക്രമമാണ് ജമ്മുകശ്മീരില്‍ നടക്കുന്നത്. വികസനപ്രക്രീയയില്‍ കേന്ദ്രസര്‍ക്കാറിനൊപ്പം ഉയര്ന്നുപ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ പഞ്ചായത്തുകളേയും ഭരണം നടത്തുന്ന പഞ്ചായത്ത് അധ്യക്ഷന്മാരേയും പ്രധാനമന്ത്രി അനുമോദിച്ചു.
ജമ്മുകശ്മീരില്‍ എല്ലാമേഖലകളേയും കൂട്ടിയിണക്കിയുള്ള തെരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങുകയാണ്. സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാണ് ജമ്മുകശ്മീരിലെ പ്രദേശിക ഭരണവ്യവസ്ഥ, നിയമസഭ തുടങ്ങിയ വ്യവസ്ഥകളെ പുന:ക്രമീകരിക്കുന്ന ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പു നടത്തി മികച്ച ജനപ്രതിനിധികളെ സംഭാവന ചെയ്യാന്‍ ജമ്മുകശ്മീരിനാകണം. വികസനത്തിലൂടെ ജമ്മുകശ്മീരിന് പുതിയ മുഖം നല്കാന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി തന്റെ സ്വാന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
ലഡാക്കിനെ രാജ്യത്തെ കാര്‍ബണ്‍ മുക്ത പ്രദേശമാക്കിമാറ്റുന്ന പ്രക്രീയയാണ് നടക്കുന്നത്. ഇതിനായി സമൃദ്ധമായി ലഭിക്കുന്ന സൗരോര്ജ്ജംവഴി പ്രദേശത്തിന്റെ എല്ലാ ഊര്‍ജ്ജ പ്രതിസന്ധികളേയും പരിഹരിക്കും. വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്രസര്വ്വകാലാശാല, ഹോട്ടല്‍മാനേജ്മെന്റ്, ഗവേഷണകേന്ദ്രങ്ങള്‍ എന്നിവ പൂര്‍ത്തീകരണഘട്ടത്തിലാണ്. സിക്കിമിലേതുപോലെ പാരമ്പര്യ ഔഷധങ്ങള്‍ വളര്ത്തിവികസിപ്പിക്കുന്ന ആയുര്‍വ്വേദ ഗവേഷണ കേന്ദ്രവും ലഡാക്കില്‍ വരികയാണെന്നും പ്രധാമന്ത്രി വ്യക്തമാക്കി.
Comments