ഭാരതം എഴുപതിനാലാമതു സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ ലോകമെമ്പാടുമുള്ള ഭാരതീയരും , ഭാരതത്തെ സ്നേഹിക്കുന്നവരും വിവിധതരം ആശംസകൾ നേർന്നു കൊണ്ടാണ് സുദിനം ധന്യമാക്കിയത്. ഗൂഗിൾ ആശംസ നേർന്നിരിക്കുന്നത് , ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും സംഗീത പാരമ്പര്യവും സ്ക്രീനിൽ രചിച്ചു കൊണ്ടാണ് .
ഗൂഗിളിന്റെ ഇന്നത്തെ ഡൂഡിൽ സൃഷ്ടിച്ചിരിക്കുന്നത് മുംബൈക്കാരനായ സച്ചിൻ ഘനേകർ ആണ് . ട്യൂട്ടാരി, ഷെഹ്നായി, ധോൾ, വീണ, സാരംഗി, ബൻസൂരി എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നാടോടി സംഗീത ഉപകരണങ്ങൾ ഈ കലാസൃഷ്ടിയിൽ കാണാം. ഈ ഉപകരണങ്ങൾ ഒരുമിച്ച കലാസൃഷ്ടിയിലൂടെ ഗൂഗിൾ എന്ന പദത്തിനുള്ള അക്ഷരങ്ങൾ നിർമ്മിച്ചിരിക്കുന്നു . ഗൂഗിളിന്റെ ഔദ്യോഗിക പേജിൽ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് ” സംഗീതത്തിലെ വൈവിധ്യം പ്രതിനിധീകരിക്കുന്ന ഈ സവിശേഷ ശേഖരങ്ങൾ , സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഭാരത്തിന്റെ വൈവിധ്യത്തെയാണ് സൂചിപ്പിക്കുന്നത് ” എന്നാണ് .
ഡൂഡിലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആറായിരം വർഷത്തിലേറെ പഴക്കമുള്ള വൈവിധ്യമാർന്ന ഷെഹ്നായി മുതൽ സാരംഗി വരെയുള്ള ഉപകരണങ്ങൾ ഇന്ത്യയുടെ സമ്പന്നമായ സംഗീത പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നു. ഡൂഡിലിന്റെ സ്രഷ്ടാവായ സച്ചിൻ ഘനേക്കർക്ക് , കലംകാരി, മധുബാനി, വാർലി, ഗോണ്ട്, ഫാഡ്, പിച്ച്വായ് തുടങ്ങിയ വിവിധ ഇന്ത്യൻ കലാരൂപങ്ങളിൽ നിന്നാണ് ഈ കലയെ നിർമ്മിക്കാനുള്ള പ്രചോദനം ലഭിച്ചത്.
Comments