പൊതുവെ ഡീസൽ കാറുകളോട് ആരും താല്പര്യം പ്രകടിപ്പിക്കാറില്ല. കാരണങ്ങൾ ഒരുപാട് കേൾക്കാം. മൈലേജുണ്ടെങ്കിലും ഡീസൽ കാറുകൾക്ക് വില കൂടുതലാണ്, പരിസ്ഥിതിക്ക് ദോഷകരമാണ് എന്നു തുടങ്ങീ നിരവധി വാദങ്ങൾ ഡീസൽ കാറുകളെ പറ്റി കേൾക്കാറുണ്ട്. ചിലർ പറയും പതിവായി ഉപയോഗിക്കാൻ ആണെങ്കിൽ ഡീസൽ കാറുകൾ വാങ്ങിയാൽ മതിയെന്ന്. ഈ വാദങ്ങൾ ഒക്കെ ശരിയാണോ ? ഡീസൽ കാറുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഏതൊക്കെയാണെന്ന് നോക്കാം.
ഡീസൽ കാറുകൾക്ക് ചടുലമായ ഡ്രൈവിംഗ് കാഴ്ചവെക്കാൻ സാധിക്കില്ല എന്നതാണ് ആദ്യത്തെ വാദം. ഉയർന്ന ആർപിഎമ്മിൽ പെട്രോൾ എഞ്ചിനുകളാണ് നല്ല രീതിയിൽ പ്രവർത്തിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ലോ എൻഡ് ടോർഖുമായാണ് ഡ്രൈവിംഗ് ആസ്വാദനം ബന്ധപ്പെട്ടിരിക്കുന്നത്.
ടോർഖ് ഉൽപ്പാദനത്തിൽ ഡീസൽ കാറുകൾ ആണ് പെട്രോൾ കാറുകളെക്കാൾ മുന്നിട്ട് നിൽക്കുന്നത്. മികവുറ്റ രീതിയിൽ ടാർബ്ബോ ലാഗ് നിയന്ത്രിക്കാൻ ഡീസൽ എഞ്ചിന് സാധിക്കും. അതിനാൽ തന്നെ ഡ്രൈവിങ്ങിൽ ചടുലമായ ആക്സിലറേഷൻ അനുഭവപ്പെടും. ഇടത്തരം ആർപിഎമ്മിൽ നല്ല പെർഫോമൻസ് കാഴ്ചവെക്കാനും ഡീസൽ കാറുകൾക്ക് സാധിക്കും.
ദിവസവും ഉപയോഗിക്കണം എന്നതാണ് ഡീസൽ കാറുകളെ പറ്റിയുള്ള അടുത്ത അഭിപ്രായം. എന്നാൽ ഉപയോഗിക്കാതെ ദിവസങ്ങളോളം കിടന്നാലും ഡീസൽ കാറുകൾക്ക് ഒന്നും സംഭവിക്കില്ല. മുൻകാല ഡീസൽ കാറുകളുടെ സാങ്കേതിക വിദ്യകളിൽ നിന്നും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നതിനാലാണ്.
മൈലേജിന്റെ കാര്യത്തിൽ ഡീസൽ കാറുകൾ തന്നെയാണ് മുന്നിലെന്ന വാദം ശരിയാണ്. ARAI ടെസ്റ്റിൽ മിക്ക ഡീസൽ വാഹനങ്ങളുടെയും ഇന്ധനക്ഷമത 20കിലോമീറ്റർ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്നാൽ മലിനീകരണ നിർദ്ദേശങ്ങൾ വിപണിയിൽ പിടിമുറുക്കുന്നതോടെ പെട്രോൾ-ഹൈബ്രിഡ് വാഹനങ്ങൾ കൂടുതലായി നിർമ്മിക്കുവാനുള്ള തയ്യാറെടുപ്പിലാണ് നിർമ്മാതാക്കൾ. നേരത്തെ പറഞ്ഞതുപോലെ താരതമ്യേന പെട്രോൾ കാറുകളെക്കാൾ മൈലേജ് ഡീസൽ കാറുകൾക്കാണ് എന്ന് പറയുമ്പോഴും പെട്രോൾ-ഹൈബ്രിഡ് കാറുകളാണ് മൈലേജിൽ രാജാക്കന്മാർ എന്ന കാര്യം മറന്നുകൂടാ.
ഡീസൽ കാറുകളെ കുറിച്ചുള്ള മറ്റൊരു തെറ്റിദ്ധാരണ ഹൈവേകളിൽ മാത്രമാണ് മികവ് കാണിക്കാൻ ആകുക എന്നതാണ്. എന്നാൽ ഹൈവേയിലെന്ന പോലെ തിരക്ക് നിറഞ്ഞ റോഡുകളിലും ഡീസൽ കാറുകൾക്ക് മികവ് പുലർത്താനാകും. കൂടാതെ തിരക്ക് നിറഞ്ഞ റോഡുകളിൽ ഗിയർ തുടരെ മാറേണ്ട ആവശ്യവും ഡീസൽ കാറുകൾക്ക് ഇല്ല.
Comments