തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസവും ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്ട്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില് കൊല്ലം, കണ്ണൂര് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെ തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില് 24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
അപകടസാധ്യതയുള്ള പ്രദേശങ്ങളില് താമസിക്കുന്നവര് അധികൃതരുടെ നിര്ദേശപ്രകാരം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ഭാഗങ്ങളിലും താമസിക്കുന്നവര് ജാഗ്രത പാലിക്കുകയും ആവശ്യപ്പെട്ടാല് താമസം മാറുകയും വേണം. പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യമായാല് പകല്സമയത്ത് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന് തദ്ദേശസ്ഥാപന, റവന്യൂ അധികൃതരുടെ സഹായം തേടണം. മേല്ക്കൂര ബലമില്ലാത്ത വീടുകളിലും സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിലും താമസിക്കുന്നവര് പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റില് മരങ്ങള് കടപുഴകിവീഴാനും വൈദ്യുതത്തൂണുകള് തകരാനും സാധ്യതയുള്ളതിനാല് ജാഗ്രത വേണം.















