ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ നീലക്കുപ്പായത്തിൽ ഇനി മഹി ഇല്ല. ഏറെ നാളായി നീണ്ടു നിൽക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മഹേന്ദ്ര സിംഗ് ധോണി പടിയിറങ്ങി. 16 വർഷം നീണ്ട സംഭവബഹുലമായ കരിയറിനാണ് ഇന്ന് 7:30ഓടെ പരിസമാപ്തി ആയിരിക്കുന്നത്.
ഒരു നീളൻ മുടിക്കാരൻ പയ്യനായെത്തി ഇന്ത്യൻ ക്രിക്കറ്റിന്റെ അമരക്കാരനായി മാറാൻ ധോണിക്ക് അധികം സമയം വേണ്ടി വന്നിരുന്നില്ല. അരങ്ങേറ്റം കുറിച്ച് ഏകദേശം നാല് വർഷം ആയപ്പോൾ തന്നെ ധോണിക്ക് ഇന്ത്യൻ ടി 20 ടീമിന്റെ നായകനാകാൻ അവസരം ലഭിച്ചു. നായകസ്ഥാനം ഏറ്റെടുത്ത് ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറിയ ധോണി പ്രഥമ ടി 20 ലോകകിരീടവുമായാണ് തിരികെ ഇന്ത്യയിൽ എത്തിയത്.
അവിടെ നിന്ന് അങ്ങോട്ട് ധോണിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മൂന്നാം നമ്പറിൽ നിന്നും സ്വയം താഴേക്ക് ഇറങ്ങി പ്രതിസന്ധി ഘട്ടത്തിൽ ടീമിനെ നെഞ്ചുറപ്പോടെ വിജയതീരമണക്കുന്ന കാഴ്ച കോരിത്തരിപ്പോടെയാണ് ക്രിക്കറ്റ് പ്രേമികൾ നോക്കി നിന്നത്. ഏകദിന-ടെസ്റ്റ് ടീമുകളുടെ നായകൻ ആയി മാറിയ ധോണി നീണ്ട 28 വർഷക്കാലത്തെ ഇന്ത്യൻ ആരാധകരുടെ സ്വപ്നവും സാക്ഷാത്കരിച്ചു. 2011ൽ ധോണിയുടെ കീഴിലാണ് ഇന്ത്യ ലോകകിരീടത്തിൽ മുത്തമിട്ടത്. സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ദൈവത്തിനും ധോണി ലോകകിരീടം നൽകി അർഹിക്കുന്ന യാത്രയയപ്പ് നൽകി. 2013ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലും മുത്തമിട്ടതോടെ ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങൾ നേടുന്ന ഏക നായകനുമായി ധോണി മാറി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 8 തവണ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റൻ കൂൾ 3 തവണ കപ്പുയർത്തുകയും ചെയ്തു. വിക്കറ്റിന് പിന്നിലെ മിന്നും സ്റ്റാമ്പിങ്ങുകളും ഇനി ഓർമ്മ മാത്രമാകുകയാണ്.
പ്രതിസന്ധി ഘട്ടത്തിൽ പക്വതയോടെ പോരാടണമെന്ന് ഓരോ ഇന്ത്യക്കാരെയും പഠിപ്പിച്ചത് ധോണിയായിരുന്നു. മനസാന്നിധ്യം കൈവിടാതെ കൃത്യമായ ആസൂത്രണങ്ങളിലൂടെ ധോണി ഇന്ത്യൻ ടീമിനെ പടുത്തുയർത്തി. ഒരുപിടി യുവതാരങ്ങളെ ടീമിലേക്ക് എത്തിച്ചതിലും ധോണിയെന്ന നായകൻ വളരെ വലിയ പങ്കാണ് വഹിച്ചത്. ഐപിഎൽ മത്സരങ്ങൾക്കായി ധോണി തയ്യാറെടുക്കുമ്പോൾ ആരാധകർ പ്രതീക്ഷിച്ചിരുന്നു ധോണി ഒരിക്കൽ കൂടി നീലക്കുപ്പായം അണിയുമെന്ന്. ആ പടുകൂറ്റൻ സിക്‌സറുകൾ ഒരിക്കൽ കൂടി കാണാനാകുമെന്ന്.. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അയാൾ ശാന്തനായി പടിയിറങ്ങുകയാണ്…അരങ്ങേറ്റ മത്സരത്തിലും വിടപറയൽ മത്സരത്തിലും ക്രീസിലെത്താനാകാതെയാണ് ധോണി പുറത്തായത് എന്നത് ആകസ്മികതയാണെന്ന് വിശ്വസിക്കട്ടെ…
നന്ദി ധോണി… ഇന്ത്യയെന്ന രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിന്…















