ദുരന്തങ്ങള്‍ ഒന്നൊഴിയാതെ കേരളത്തെ ബാധിച്ചു കൊണ്ടിരിക്കുകയാണ്. ആറു മാസത്തിലധികമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരി. പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ് ഇടുക്കിയിലെ രാജമല, കോഴിക്കോട് കരിപ്പൂര്‍ വിമാനാവളത്തില്‍ സംഭവിച്ച, കേരളം കണ്ട വലിയ വിമാനാപകടം. എന്നാല്‍ ഇവിടെയെല്ലാം നിമിഷനേരം കൊണ്ട് ഓടിയെത്തിയവര്‍ ഒരുപാടാണ്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി, ആശുപത്രിയില്‍ എത്തിക്കാനായി, രക്തം നല്‍കാനായി എന്നിങ്ങനെ എല്ലാ മേഖലകളിലും സജീവമായി പ്രവര്‍ത്തിച്ച സന്നദ്ധപ്രവര്‍ത്തകര്‍.
ഏതൊരു അപകടത്തിലും താങ്ങായി കൂട്ടായി നമുക്കിടയില്‍ നിന്നു തന്നെ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്നതിന് തെളിവാണ് ഓരോ അപകടഘട്ടത്തിലും നമ്മുടെ കൂടെ നിന്നവര്‍, കുറച്ചു നല്ല മനുഷ്യര്‍. ദുരന്തത്തിനിരയായവര്‍ക്കും അല്ലെങ്കില്‍ ഇപ്പോഴും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി ഒരുപാട് സംഘടനകള്‍ നമ്മുടെ നാട്ടില്‍ രൂപം കൊണ്ടിട്ടുണ്ട്. അതുപോലെ കേരളത്തില്‍ 2018 ലെ പ്രളയ സമയത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനായി രൂപം കൊണ്ട കോഴിക്കോട് ജില്ലയില്‍ സൈനികരുടെയും അര്‍ദ്ധസൈനികരുടെയും വിമുക്തഭടന്മാരുടെയും ഒരു കൂട്ടായ്മയാണ് കാലിക്കറ്റ് ഡിഫന്‍സ്.
പ്രളയ സമയത്താണ് സംഘടന രൂപീകരിക്കപ്പെട്ടതെങ്കിലും പ്രളയ ശേഷവും ഈ കൂട്ടായ്മ പിരിഞ്ഞു പോകാതെ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂട്ടായി മുന്നോട്ടു പോയി. രണ്ടു വര്‍ഷം പിന്നിട്ട് കഴിഞ്ഞ ഈ സമയത്ത് 1500 ല്‍ അധികം അംഗങ്ങളുമായി കേരളത്തിലെ തന്നെ ഏറ്റവും വലിയതും മികച്ചതുമായ സൈനിക കൂട്ടായ്മയായി മാറിയിരിക്കുകയാണ് ഈ സംഘം. ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച 400 ല്‍ പരം കുടുംബങ്ങള്‍ക്ക് പലവ്യഞ്ജന കിറ്റുകളും, നാല്‍പ്പതോളം രോഗികള്‍ക്ക് ആവശ്യമുള്ള മരുന്നും എത്തിച്ചു കൊടുത്തു. ആരോഗ്യ പ്രവര്ക്കുള്ള പ്രതിരോധകിറ്റുകള്‍ ജില്ലാകളക്ടര്‍ക്ക് കൈമാറി.
മുപ്പതിലധികം മാറാ രോഗികള്‍ക്കും നിര്‍ദ്ധന കുടുംബത്തിലെ കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനും, വീട് നിര്‍മാണത്തിനും കൊറോണ പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടി ആത്മഹത്യചെയ്ത ബസ് ഡ്രൈവറുടെ കുടുംബത്തിനും ധന സഹായം കൈമാറി. ഇതിനു പുറമേ പഠനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്കാവശ്യമായ പ്രോത്സാഹനവും നല്കുന്നു. ഈ ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും മാത്രം പിരിച്ചെടുക്കുന്ന തുകയാണ് ഇവര്‍ ഈ സന്നദ്ധ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത് പുറമെ മറ്റൊരു തരത്തിലുളള ഫണ്ടും ഈ സംഘടനയ്ക്കു ലഭിക്കുന്നുല്ല. രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു മുന്നേറിയ ഇവര്‍ സ്വന്തം നാട്ടിലും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്.
Comments