ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്‌ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് ശുപാര്‍ശ. രോഹിത്തിനെ കൂടാതെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, പാരാലിമ്പിക്സില്‍ സ്വര്‍ണം നേടിയ മാരിയപ്പന്‍ തങ്കവേലു എന്നിവരെയും ഖേല്‍ രത്ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമാണ് രാജീവ് ഗാന്ധി ഖേല്‍ രത്ന.
ഖേല്‍ രത്ന പുരസ്‌കാരത്തിന് അര്‍ഹനാകുന്ന നാലാമത്തെ താരമാണ് രോഹിത് ശര്‍മ. 2019ലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രോഹിത്തിനെ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (1490) നേടിയ താരമാണ് രോഹിത്ത്. 2019ല്‍ ഏഴ് സെഞ്ചുറികള്‍ നേടിയും രോഹിത്ത് റെക്കോര്‍ഡിട്ടിരുന്നു. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ഖേല്‍ രത്ന പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. സച്ചിന് 1998ലും ധോണിക്ക് 2007ലും കോഹ്‌ലിക്ക് 2018ലുമാണ് പുരസ്‌കാരം ലഭിച്ചത്.
ഇത് രണ്ടാം തവണയാണ് നാല് താരങ്ങളെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുന്നത്. ഇതിന് മുന്‍പ് 2016ലാണ് നാല് പേരെ ഖേല്‍ രത്‌നക്കായി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്‌ച്ച ചേര്‍ന്ന നാഷണല്‍ സ്പോര്‍ട്സ് അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് ഖേല്‍ രത്ന പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത താരങ്ങളുടെ പട്ടിക കായിക മന്ത്രാലയം പുറത്തുവിട്ടത്.















