ഓണത്തിനു മുൻപേ വയലറ്റ് പൂക്കളുടെ മനോഹാരിത തീർത്ത് കാക്കപ്പൂ എത്തിയിരിക്കുകയാണ്. ഓണത്തിന്റെ വരവറിയിച്ച് ഏക്കറു കണക്കിനോളം സ്ഥലത്താണ് കാക്കപ്പൂ വിരിഞ്ഞു നിൽക്കുന്നത്. കണ്ണൂർ മാടായിപ്പാറയിൽ ആണ് പ്രകൃതിയുടെ ഈ ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നത്. ഓണക്കാലമാവുമ്പോൾ കുട്ടികളും വലിയവരുമെല്ലാം ഒരുമിച്ചു ഒത്തുകൂടി കാക്കപ്പൂ പറിക്കാൻ വരുന്ന സ്ഥലമാണ് മാടായിപ്പാറ. കോവിഡ് ആയാലും, വെള്ളപ്പൊക്കമായാലും തങ്ങളുടെ പതിവ് തെറ്റിക്കാതെ ഇത്തവണയും മാടായിപ്പാറയിൽ കാക്കപ്പൂ വസന്തം തീർത്തിയിരിക്കുകയാണ്.
മഴക്കാലമായാൽ പ്രകൃതി പച്ചപ്പ് പുതയ്‌ക്കുന്ന ഇടമാണ് കണ്ണൂരിലെ മാടായിപ്പാറ. ജൂലൈ അവസാനത്തോടെ കാക്കപ്പൂക്കൾ വിരിയാൻ തുടങ്ങും. കാക്കപ്പൂ വിരിഞ്ഞു കഴിഞ്ഞാൽ ഒരു മാസത്തോളം നീല പൂക്കളുടെ ഭംഗി മാടായിപ്പാറയിൽ കൺ കുളിർക്കെ നിറഞ്ഞു നിൽക്കും. സാധാരണ ഗതിയിൽ ഒരുപാട് സന്ദർശകർ ഈ മനോഹര കാഴ്ച കാണാൻ വരാറുണ്ട്. എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ കാരണം കാക്കപ്പൂ കാണാൻ വരുന്ന സന്ദർശകരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.
യൂറ്റിക്കുലെറിയ എന്ന ശാസ്ത്ര നാമത്തിലാണ് കാക്കപ്പൂക്കൾ അറിയപ്പെടുന്നത്. വയലറ്റ് നിറത്തിൽ കാണപ്പെടുന്ന ഈ ചെറിയ പൂക്കൾ കൂട്ടമായാണ് പൊതുവെ കാണാറുള്ളത്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കാക്കപ്പൂക്കൾ ഉണ്ടാകാറുള്ളത്. കാക്കപ്പൂക്കൾ കാണുന്ന അപൂർവ സ്ഥലങ്ങളിൽ ഒന്നാണ് മാടായിപ്പാറ. കണ്ണിനു കുളിർമ തരുന്ന ഈ മനോഹര പൂക്കൾ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. എങ്കിൽ പോലും ഓണം പ്രമാണിച്ച് പൂക്കളമിടാൻ ഒരുപിടി കാക്കപ്പൂക്കൾ ഇത്തവണയും മാടായിപ്പാറയിലെ ആളുകൾക്ക് ലഭിക്കും.കാലാവസ്ഥയിൽ സംഭവിച്ച വ്യതിയാനമാവും പൂക്കളുടെ എണ്ണത്തിൽ കുറവ് വന്നതിനു കാരണം എന്നാണ് അവർ പറയുന്നത്. കാക്കപ്പൂവും, അപൂർവമായി കാണുന്ന കൃഷ്ണ പൂവും, ഇരപിടിയൻ സസ്യങ്ങളും മാടായിപ്പറയുടെ മാത്രം പ്രത്യേകതകളാണ്.















