മലയാള ഭാഷയോടുള്ള സ്നേഹവും, ആദരവും ഈണത്തിലാക്കി സൂരജ് സന്തോഷ് ഒരുക്കിയ ‘തനി മലയാളം’ എന്ന മ്യൂസിക് വീഡിയോ ഏറെ ജനശ്രദ്ധ നേടുകയാണ്. അമ്മ മലയാളത്തിന്റെ സൗന്ദര്യവും, വാത്സല്യവും ഒരു ദൃശ്യവിരുന്നിലൂടെ പ്രേക്ഷകർക്ക് പങ്കുവെയ്ക്കുന്ന വീഡിയോ ഗാനമാണ് ‘തനി മലയാളം’. സാഹിത്യം, നൃത്തം, വാദ്യം, സിനിമ, ചിത്രകല എന്നീ മേഖലകളിലെ പ്രതിഭകളെ കോർത്തിണക്കിയാണ് ‘തനി മലയാളം’ എന്ന വീഡിയോ ഒരുക്കിയിരിക്കുന്നത്. ‘ദ ജിപ്സി സൺ’ എന്ന സൂരജ് സന്തോഷിന്റെ പുതിയ ആൽബത്തിലെ ആദ്യ ഗാനമാണിത്.
‘എന്നിലെ എന്നെ ജനിപ്പിച്ചതിന്, എന്റെ ചിന്തകൾക്കും ആശയങ്ങൾക്കും ചിറകു തന്നതിന്, എന്റെ വേരുകൾ ഈ മണ്ണിലാണെന്ന ബോധം നൽകിയതിന്, ‘അമ്മ മലയാളത്തിന് ഒരുപാട് സ്നേഹത്തോട് കൂടി സമർപ്പിക്കുന്നു’ എന്ന വാചകത്തോട് കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്. എഴുത്തുകാരനായ എം ടി വാസുദേവൻ നായർ, സാറ ജോസഫ്, ബെന്യാമിൻ, മേള വിദ്വാൻ പെരുവനം കുട്ടൻമാരാർ, നടനും നാടകപ്രവർത്തകനുമായ നെടുമുടി വേണു, കഥകളി കലാകാരൻ പീശപ്പിള്ളി രാജീവൻ, ചിത്രകാരൻ നാരായണ ഭട്ടത്തിരി, നർത്തകി മേതിൽ ദേവിക, തോൽപ്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ എന്നിവരേയും ഗാനരംഗത്ത് ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഒരു ചെറിയ കുട്ടി ജീവിതത്തിൽ വളരുന്നതോടൊപ്പം തന്റെ ഭാഷയും വളർന്ന് നിറങ്ങളുടെ ലോകത്തേക്ക് നമ്മളെ എത്തിക്കുന്ന ദൃശ്യങ്ങൾ മലയാള ഭാഷയുടെ കാവ്യാത്മകതയെ കൂടുതൽ മനോഹരമാക്കുന്നു. മലയാള ഭാഷ ഇത്രയും അധികം തന്നോടടുപ്പിച്ച പ്രിയ അധ്യാപകൻ ശ്രീ. മടവൂർ ശശിധരനോടുള്ള കടപ്പാടും സൂരജ് സന്തോഷ് ഈ ഗാനത്തിലൂടെ സമർപ്പിക്കുന്നു. ശ്രുതി നമ്പൂതിരിയുടെ വരികൾക്ക് ഗൗതം സൂര്യയാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
Comments