ഡല്‍ഹി: ഒരു വിട വാങ്ങല്‍ മത്സരം ലഭിക്കാതെ കളിക്കളത്തിനോട് വിട പറഞ്ഞ താരങ്ങളുടെ പട്ടികയിലേക്ക് രണ്ട് പേരുകള്‍ കൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറെക്കാലം മുന്നോട്ടുനയിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ഓള്‍ റൗണ്ടറായിരുന്ന സുരേഷ് റെയ്‌നയുമാണ് ക്രിക്കറ്റിനോട് വിട പറഞ്ഞിരിക്കുന്നത്. എന്നാല്‍, ധോണിക്കായി ഒരു വിടപറയല്‍ മത്സരം സംഘടിപ്പിക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ടെങ്കിലും റെയ്നയുടെ കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
വിരമിക്കല്‍ മത്സരം ലഭിക്കാതെ കളിക്കളം വിട്ടവരുടെ പട്ടികയില്‍ പ്രമുഖരുടെ നിര നീണ്ടുപോകുകയാണ്. വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊന്നും അര്‍ഹിക്കുന്ന യാത്രയയപ്പ് ലഭിച്ചിരുന്നില്ല. ഇത്തരം മഹാരഥന്മാരെ ഉള്‍പ്പെടുത്തി ഒരു ടീമിനെ തന്നെ നിര്‍മ്മിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇലവന്‍ ആരാധകരുമായി പങ്കുവച്ചത്.
ഒരു വിടവാങ്ങല്‍ ഇലവനെ തന്നെയാണ് ഇര്‍ഫാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. തന്റെ ഇലവനും നിലവിലെ ഇന്ത്യന്‍ ടീമും തമ്മില്‍ ഒരു പ്രദര്‍ശന മത്സരം സംഘടിപ്പിക്കണമെന്നാണ് ഇര്‍ഫാന്റെ ആവശ്യം. സേവാഗ്-ഗംഭീര്‍ ഓപ്പണിംഗ് സഖ്യം, രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. യുവരാജ് സിംഗ്, റെയ്ന, ധോണി എന്നിവരാണ് ഇര്‍ഫാന്റെ ഇലവനിലെ മറ്റുള്ളവര്‍. വിടവാങ്ങല്‍ ഇലവന്റെ ബൗളിംഗ് നിരയില്‍ ഇര്‍ഫാന്‍ സ്വയം തന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ എന്നിവരാണ് മറ്റു ബൗളര്‍മാര്‍.















