ഏതൊരു കാര്യത്തിനും ശുഭാരംഭം കുറിക്കുന്നത് വിഘ്നേശ്വരനെ പ്രാര്‍ത്ഥിച്ചാണ്. ഗണങ്ങളുടെ അധിപനായ ഗണേശ ഭഗവാന് പാര്‍വ്വതീദേവിയുടേയും പരമശിവന്റേയും മൂത്ത മകനാണ്. ഏതൊരു നല്ല കാര്യത്തിന് ഇറങ്ങുമ്പോഴും പുതിയ പ്രവര്‍ത്തി ആരംഭിക്കുമ്പോഴും വിഘ്നേശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ തടസ്സങ്ങളും നീങ്ങി കിട്ടുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെയാണ് പുതിയ ഗൃഹത്തിലേക്ക് താമസം മാറുന്ന സമയത്തും പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുമ്പോഴുമെല്ലാം ഗണപതി ഹോമം നടത്തുന്നത്.
പതിനാറു കൊട്ടത്തേങ്ങ, മുപ്പത്തിരണ്ട് കദളിപ്പഴം, പതിനാറു പലം ശര്‍ക്കര, നാഴി തേന്‍, നെയ്യ് എന്നിവയാണ് ഗണപതി ഹോമത്തിനായി ഉപയോഗിക്കുന്നത്. കര്‍ണാടക സംഗീത കച്ചേരി മുതല്‍ പല സംഗീതക്കച്ചേരികളിലും ആദ്യം പാടുന്നത് ഗണപതി സ്തുതിയാണ്. വിജയദശമി ദിനത്തില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം ചൊല്ലി കൊടുക്കുന്നതും ഗണപതിയെ സ്തുതിച്ചു കൊണ്ടു തന്നെയാണ്. ഏതൊരു കാര്യത്തിനും വിഘ്നേശ്വരനെ പ്രാര്‍ത്ഥിച്ച് ഇറങ്ങിയാല്‍ മുന്നിലെ വിഘ്നങ്ങള്‍ എല്ലാം മാറി അത് വേണ്ട രീതിയില്‍ വിജയം കാണും എന്നതാണ് വിശ്വാസം. അതുപോലെ തന്നെ ക്ഷേത്രങ്ങളില്‍ ഗണപതിയുടെ മുന്നില്‍ നിന്ന് ഏത്തമിടാറുണ്ട്.
സാധാരണയായി എല്ലാവരും ചെയ്യുന്ന കാര്യമാണിത്. എന്നാല്‍ ഇത് ശരിയായ രീതിയില്‍ ചെയ്താല്‍ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ. വലംകൈ കൊണ്ട് ഇടതു കാലിന്മേല് ഊന്നി നിന്ന് വലത്തെ കാല് ഇടതു കാലിന്റ മുന്പില് കൂടി ഇടത്തോട്ട് കൊണ്ടു പോയി പെരു വിരല്‍ മാത്രം നിലത്തു തൊടുവിച്ച് നില്‍ക്കണം. ഇടതു കൈയ്യുടെ നടുവിരലും ചൂണ്ടാണി വിരലും കൂടി വലത്തെ ചെവിയിലും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തു കൂടി ഇടത്തോട്ടു കൊണ്ടുപോയി വലതുകൈയ്യുടെ നടുവിരലും ചൂണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. ഇത്തരത്തില്‍ ചെയ്താല്‍ മാത്രമേ ഫലം ലഭിക്കുകയുളളൂ. ഇത് ശരീരത്തിലേക്കുളള രക്തോട്ടം വര്‍ദ്ധിപ്പിക്കുകയും ബുദ്ധിവികാസത്തിനു സഹായിക്കുകയും ചെയ്യുന്നു.
Comments