ന്യൂയോര്‍ക്ക് : ബ്രിട്ടീഷ് താരം ആന്‍ഡി മുറേ യു.എസ്. ഓപ്പണില്‍ രണ്ടാം റൗണ്ടിലെത്തി. ജപ്പാന്റെ യോഷീഹിതോ നിഷിയോക്കയെ അഞ്ചു സെറ്റുകള്‍ നീണ്ട കനത്ത പോരാട്ടത്തി നൊടുവിലാണ് മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ കീഴടക്കിയത്. നാലു മണിക്കൂറും മുപ്പത്തിയെട്ടു മിനിറ്റും നീണ്ട പോരാട്ടം ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ മത്സരം ടി.വിയിലൂടെ കാണേണ്ടിവന്ന ആരാധകരെ ആവേശത്തിലാക്കി.
മുറെയുടെ ഗംഭീരമായ മടങ്ങിവരവ് കണ്ട മത്സരത്തില്‍ 4-6, 4-6 ന് ആദ്യ രണ്ടു സെറ്റും ജപ്പാന്താരമാണ് സ്വന്തമാക്കിയത്. എന്നാല്‍ മൂന്നാം സെറ്റ് 7-6ന് പിടിച്ചെടുത്ത മുറെ നാലാം സെറ്റും 7-6ന് തന്നെ സ്വന്തമാക്കി 2-2ന്റെ സമനില പിടിച്ചു. നിര്‍ണ്ണായകമായ അഞ്ചാം സെറ്റില്‍ ശക്തമായ തിരിച്ചുവരവിലൂടെ 6-4ന് സെറ്റും മത്സരവും മുറെ സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ 15-ാം സീഡ് ഫിലിക്സ് അലിയാസെമേയാണ് എതിരാളി.
ഇടുപ്പെല്ലിന്റെ പരിക്കുമൂലം ശസ്ത്രക്രിയ കഴിഞ്ഞ് നടക്കുന്ന ആദ്യ ഗ്രാന്‍ഡ് സ്ലാം മത്സരത്തിന് ശേഷം ഐസിട്ട വെള്ളത്തില്‍ ശരീരം മുക്കിയാണ് വിശ്രമിച്ചതെന്ന് ഫിസിയോ അറിയിച്ചു. 2016ല്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറിയ മുറെ പിന്നീട് രണ്ടു തവണയാണ് ഇടുപ്പിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നത്.
Comments