ലോകത്തെ ഒന്നടങ്കം സ്തംഭിപ്പിച്ച കൊറോണ വൈറസ് സ്ത്രീകളേക്കാൾ അധികം ബാധിക്കുന്നത് പുരുഷന്മാരിലെന്ന് പഠന റിപ്പോർട്ടുകൾ. പനി, ചുമ, മണമോ രുചിയോ തിരിച്ചറിയാനാകാത്ത അവസ്ഥ, ശാരീരിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയ മാറ്റങ്ങൾ ശരീരത്തിൽ എത്തുന്നതോടെയാണ് ‘കൊറോണ’ എന്ന അവസ്ഥ നമ്മൾ തിരിച്ചറിയുന്നത്.
അസുഖ ബാധിതരിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്ത്രീകളെയും പുരുഷൻമാരെയും കൊറോണ ബാധിക്കുമെങ്കിലും രോഗം ഗുരുതരമാകാനും മരണം സംഭവിക്കാനും രണ്ടര ഇരട്ടി അധികം സാധ്യത പുരുഷൻമാർക്കെന്നാണ് പഠനത്തിൽ പറയുന്നത്. അതേസമയം രോഗത്തിന്റെ ഗുരുതരാവസ്ഥയ്ക്ക് ലൈംഗികഹോർമോണുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടാകാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മനുഷ്യ ശരീരത്തിലെ ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ മുതല്‍ മോശം ശീലങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ടാകാമെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കൊറോണ ബാധിച്ച് മരിച്ചവരില്‍ 63 ശതമാനവും പുരുഷന്മാരാണ്. ഇന്ത്യയില്‍ ഇത് 65 ശതമാനം ആണ്. അതേസമയം പുരുഷന്മാരില് രോഗത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നത് പലപ്പോഴും വിദഗ്ധരേയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
ഇത്തരത്തിലൊരു അവസ്ഥയ്ക്ക് പിന്നിൽ പല സാധ്യതകളാണ് ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, പുകവലിയെത്തുടർന്നുള്ള അസ്വാസ്ഥ്യങ്ങൾ തുടങ്ങിയ അസുഖങ്ങള്‍ പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്നത് കൊണ്ട് തന്നെ ഇവയെല്ലാം കൊറോണയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നു.
സ്ത്രീശരീരത്തിൽ കണ്ടുവരാറുള്ള ‘പ്രൊജസ്ട്രോൺ’ ഹോർമോണിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതിനാൽ ഇത് സ്ത്രീകൾക്ക് അനുകൂലമാകുന്നുവെന്നും പഠനങ്ങളിൽ സൂചിപ്പിക്കുന്നു. വളരെയധികം പ്രായം കൂടിയ സ്ത്രീകൾ അതേ പ്രായത്തിലുള്ള പുരുഷൻമാരെ അപേക്ഷിച്ച് കൊറോണയെ അതിജീവിക്കുന്നുണ്ട്. ആർത്തവവിരാമത്തിനു ശേഷം ഹോർമോണുകളുടെ അളവ് സ്ത്രീകളിൽ വളരെയധികം കുറയാറുണ്ട്. എന്നാൽ പോലും പുരുഷന്മാരേക്കാൾ കൊറോണ പ്രതിരോധ ശക്തി സ്ത്രീകൾക്കുണ്ട്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനും രോഗപ്രതിരോധ പ്രവര്‍ത്തനത്തെ അതിവേഗം ഉത്തേജിപ്പിക്കുന്നു. സാര്‍സ് കോവ് വൈറസ് എത്തുന്നത് തടയാന്‍ ഇവയ്ക്ക് ഒരു പരിധി വരെ കഴിയും.
അതേസമയം കൊറോണയ്ക്ക് പുറമെ മറ്റ് പല അസുഖങ്ങളുടെ കാര്യത്തിലും ‘ഈസ്ട്രജന്’ എന്ന ഹോർമോൺ സ്ത്രീകളെ വളരെയധികം സഹായിക്കുന്നുണ്ട്. ജനിതകപരമായ മാറ്റമാണ് അടുത്തത്. സ്ത്രീകള്‍ക്ക് രണ്ട് എക്സ് ക്രോമസോമുകള്‍ ഉള്ളതിനാല്‍ വേഗത്തില്‍ രോഗപ്രതിരോധ ശേഷി ഉണ്ടാകും. ഇതുവഴിയും രോഗപ്രതിരോധം വേഗത്തിലാകുന്നു.
Comments