റിയാദ്: സൗദി അറേബ്യയിലേക്കും പുറത്തേക്കും ഉള്ള യാത്രക്കാർ കൊറോണ വൈറസ് പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്ന് ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയിലേക്ക് മടങ്ങുന്ന എല്ലാ യാത്രക്കാരും മൂന്ന് ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ കഴിയണമെന്നും, കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാൻ രാജ്യത്ത് പ്രവേശിച്ച് 48 മണിക്കൂർ കഴിഞ്ഞ് മറ്റൊരു പിസിആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അതോറിറ്റി നൽകും.
മാർച്ച് മുതൽ ഏർപ്പെടുത്തിയ താൽക്കാലിക യാത്രാ വിലക്കിൽ ഇളവ് വരുത്തിക്കൊണ്ട് അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിച്ചതിനെ തുടർന്നാണ് ജിഎസിഎ പുതിയ നിർദ്ദേശങ്ങൾ
നൽകിയത്.
എല്ലാ വിമാനക്കമ്പനികളും വിമാന സർവീസുകൾക്ക് മുമ്പായി യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ വ്യക്തമാക്കിയിരിക്കണമെന്നും ജിഎസിഎ അറിയിച്ചു.
Comments