ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന എല്‍ഇഡി ഉപകരണങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി കേന്ദ്രം. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. റാന്‍ഡം സാമ്പിളിംഗില്‍ കൂടിയാകും ഗുണ നിലവാര പരിശോധന നടത്തുക.
ഇറക്കുമതി ചെയ്യപ്പെടുന്നവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഉത്പന്നം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അംഗീകരിച്ചിട്ടുള്ള ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും. രാജ്യത്ത് നിഷ്കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഇവ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമെ രാജ്യത്ത് വിപണിയിലെത്തിക്കാന്‍ അനുവാദം നല്‍കൂ. ഏഴ് ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയായിരിക്കണം. പരിശോധനയില്‍ പരാജയപ്പെടുന്ന സാമ്പിളുകളുടെ മുഴുവന്‍ എണ്ണവും തിരിച്ചയക്കുകയോ നശിപ്പിക്കുകയോ വേണം.
രാജ്യത്തേക്ക് ടെലിവിഷനുകള്‍ ഉള്‍പ്പെടെയുള്ള എല്‍ഇഡി ഉപകരണങ്ങള്‍ കൂടുതലും എത്തുന്നത് ചൈനയില്‍ നിന്നാണ്. അതിനാല്‍ തന്നെ തീരുമാനം ചൈനയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
Comments