വിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. കാലങ്ങള്‍ എത്ര കഴിഞ്ഞാലും ലോകം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും ചില കാര്യങ്ങളില്‍ നമ്മള്‍ ഇന്നും വിശ്വസിക്കുന്നു. അതുപോലെ ചില വിശ്വാസങ്ങളും അല്ലെങ്കില്‍ പേടിപ്പെടുത്തുന്ന അനുഭവങ്ങളും നിലനില്‍ക്കുന്ന ഒന്നാണ് ഭാംഗഡ് കോട്ട. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് ഭാംഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. രാത്രിയായി കഴിഞ്ഞാല്‍ പിന്നെ കോട്ടയിലേക്ക് പ്രവേശനമില്ല. ആരെയും പേടിപ്പിക്കുന്ന അന്തരീക്ഷമുളള ഇവിടെ ചുറ്റിലും പ്രേതങ്ങളും ഉണ്ടെന്ന് വിശ്വസിക്കുന്നു. ഇതിനെ ഒരു പ്രേത നഗരമായാണ് ആളുകള്‍ കണക്കാക്കുന്നത്.
ആരോ നിരന്തരം നിരീക്ഷിക്കുന്നു എന്ന തോന്നലും കട്ടികൂടിയ വായുവുമൊക്കെ ഇവിടെ അനുഭവിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. പ്രത്യേക അനുമതിയോടെ മാത്രമേ ഭാംഗഡ് കോട്ടയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുകയുളളൂ. എന്നാല്‍ വിദേശികള്‍ക്ക് സാധാരണയായി ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല. രാത്രിയായി കഴിഞ്ഞാല്‍ കോട്ടയിലേക്കുളള പ്രവേശനം വിലക്കിയിരിക്കുന്നു. വളരെ മനോഹരമായ രീതിയില്‍ നിര്‍മ്മച്ചതാണ് ഭാംഗഡ് കോട്ട. വെള്ളച്ചാട്ടങ്ങള്‍, മനോഹരമായ ഹവേലികള്‍ എന്നിവ കൊണ്ടും പ്രകൃതിയുടെ അതി മനോഹാരിത കൊണ്ടും ഏറെ ആകര്‍ഷകമായിരുന്നു ഭാംഗഡ് കോട്ടയുടെ പരിസരം.
ബാഗ്രയിലെ രാജകുമാരിയെ വിവാഹം കഴിക്കാന്‍ നിരവധി രാജകുടുംബാംഗങ്ങളില്‍ നിന്നും ആലോചനകള്‍ വന്നിരുന്നു. എന്നാല്‍ മാന്ത്രിക വിദ്യയില്‍ അഗ്രഗണ്യനായ മന്ത്രവാദി ബാഗ്രയിലെ രാജകുമാരിയു വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ അത്തര്‍ വാങ്ങുന്നതിനായി സുഹൃത്തുക്കളുമായി എത്തിയ രാജകുമാരിയെ വശത്തിലാക്കി അത്തറിന് പകരം വശീകരണ മന്ത്രം കലര്‍ത്തിയ പാനീയം മന്ത്രവാദി രാജകുമാരിക്ക് നല്‍കി. എന്നാല്‍ തന്ത്രം മനസ്സിലാക്കിയ രാജകുമാരി ആ പാത്രം തൊട്ടടുത്തുണ്ടായിരുന്ന പാറക്കല്ലിലേക്ക് എറിഞ്ഞു.
വശീകരണ മന്ത്രമായതിനാല്‍ അത് തിരികെ മന്ത്രവാദിയുടെ നേരെ ഉരുളാന്‍ തുടങ്ങി. ബാഗ്ര വൈകാതെ തന്നെ നശിപ്പിക്കപ്പെടുമെന്നും മനുഷ്യവാസത്തിന് പറ്റിയ സ്ഥലമല്ലാതായി മാറുമെന്നും മരിക്കുന്നതിനു മുന്‍പ് മന്ത്രവാദി ശപിച്ചു. ശേഷം കോട്ട വടക്കു നിന്ന് മുഗളന്‍മാര്‍ ആക്രമിക്കുകയും, നഗരം പിടിച്ചെടുക്കുകയും ചെയ്തു. രാജകുമാരിയും രാജ്ഞിയും ഉള്‍പ്പടെ എല്ലാവരും ഇതില്‍ വധിക്കപ്പെട്ടു. രാജകുമാരിയുടേയും മാന്ത്രികന്റേയും പ്രേതം ഇപ്പോഴും കോട്ടക്കുള്ളില്‍ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ ശാപത്തിന്റെ ഫലമായാണ് ഇന്നും ഇതൊരു പ്രേതാലയമായി നിലനില്‍ക്കുന്നതെന്നുമാണ് വിശ്വാസം.















