ചരിത്രസ്മാരകങ്ങളുടെ പേരുകൾക്കിടയിൽ പലരും കേൾക്കാൻ ഇടയില്ലാത്ത ഒരു പേരാണ് അഥലജ് പടികിണർ അഥവാ രുദാഭായ് സ്റ്റെപ് വെൽ. 500 വർഷങ്ങൾ പഴക്കമുള്ള ഈ പടികിണർ ഗുജറാത്തിലാണ് സ്ഥിതിചെയ്യുന്നത്.
ഗുജറാത്ത്, രാജസ്ഥാൻ എന്നീ പ്രദേശങ്ങളിൽ പൊതുവെ കണ്ടുവരുന്ന ഒരു നിർമ്മിതിയാണ് പടികിണർ. ഗുജറാത്തിൽ വാവ് എന്ന പേരിലും രാജസ്ഥാനിൽ ബാവോളി എന്ന പേരിലുമാണ് പൊതുജലാശയങ്ങൾ അറിയപ്പെടുന്നത്.
ഒരു സിനിമ കഥയ്‌ക്ക് തുല്യമായ ചരിത്രകഥയാണ് അഥലജ് പടികിണറിന് പിന്നിലുള്ളത്. തന്റെ രാജ്യത്തുണ്ടാകുന്ന ജലക്ഷാമത്തിന് പരിഹാരമെന്ന നിലയിൽ പതിനഞ്ചാം നൂറ്റാണ്ടിൽ ഗുജറാത്തിലെ വഖേല രാജവംശത്തിലെ റാണാ വീർ സിംഗ് രാജാവാണ് പടികിണറിന്റെ നിർമ്മാണം ആരംഭിക്കുന്നത്. എന്നാൽ നിർമ്മാണം പൂർത്തിയാകുംമുന്നേ റാണാ വീർ സിംഗിനെ സമീപ മുസ്ലിം രാജ്യത്തെ ഭരണാധികാരിയായിരുന്ന മഹ്മൂദ് ബേഗ്ഡാ വധിക്കുകയും രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. റാണാ വീർ സിംഗിന്റെ പത്നി രുദാഭായിയെ സ്വന്തമാക്കാൻ മഹ്മൂദ് ബേഗ്ഡാ ആഗ്രഹിച്ചിരുന്നു. പടികിണർ നിർമ്മാണം പൂർത്തിയായാൽ വിവാഹത്തിന് സമ്മതിക്കാം എന്ന് രുദാഭായ് പറഞ്ഞു. ഏകദേശം 20 വർഷത്തോളം സമയം നീണ്ടുനിന്ന പടികിണർ നിർമ്മാണത്തിന് ശേഷം റാണിയെ വിവാഹം ചെയ്യുവാനുള്ള ആഗ്രഹവുമായി വീണ്ടും മഹ്മൂദ് ബേഗ്ഡാ എത്തി. രാജ്യത്തെ പടികിണർ എന്ന തന്റെ ഭർത്താവിന്റെ ആഗ്രഹം സഫലമായെന്ന് അറിഞ്ഞ രുദാഭായ് ഈ ജലാശയത്തിൽ ചാടി ജീവൻ വെടിയുകയായിരുന്നു. രുദാഭായിനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി മഹ്മൂദ് ബേഗ്ഡാ ഈ പടികിണറിന് രുദാഭായിയുടെ പേര് നൽകുകയായിരുന്നു. അദലജ് പടികിണറിന്റെ മറ്റൊരു പേരാണ് രുദാഭായ് പടികിണർ.
ഹിന്ദു വാസ്തു വിദ്യയിൽ റാണാ വീർ സിംഗ് ആരംഭിച്ച പടികിണർ മുസ്ലിം രീതിയിൽ മഹ്മൂദ് ബേഗ്ഡാ പൂർത്തീകരിച്ചപ്പോൾ ഇന്തോ-ഇസ്ലാം ആർക്കിടെക്ചറിന്റെ മനോഹരമായ ഒരു രൂപമാണ് ഇവിടെ പിറന്നത്.
പടികിണർ നിർമ്മാണത്തിന് ശേഷം ഇത്തരത്തിൽ ഒന്ന് മറ്റെവിടെയും ഇനി നിർമ്മിക്കാൻ പാടില്ല എന്ന രാജാവിന്റെ നിർദ്ദേശം അനുസരിക്കാൻ ശില്പികളിൽ പ്രധാനികളായ 6 പേർ തയ്യാറായില്ല. തുടർന്ന് രാജാവ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ഈ ശില്പികളുടെ ശവകൂടീരങ്ങൾ പടികിണറിന് സമീപമായി നിങ്ങൾക്ക് കാണാൻ സാധിക്കും.
അഞ്ച് നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഈ പടികിണർ എട്ടു ഭുജങ്ങളുടെ ആകൃതിയിലാണ്. തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ ദിശകളിൽ നിന്ന് ജലാശയത്തിലേക്ക് പടികൾ ഉണ്ട്. വടക്കുഭാഗത്തായാണ് ജലാശയം സ്ഥിതിചെയ്യുന്നത്. സോളങ്കി വാസ്തുവിദ്യയോട് സാദൃശ്യം തോന്നുന്ന ഈ പടികിണറിലെ തൂണുകളിലെല്ലാം തന്നെ നൃത്തരൂപങ്ങൾ, സംഗീത കച്ചേരികൾ, പൂക്കൾ തുടങ്ങീ നിരവധി രൂപങ്ങളുടെ കൊത്തുപണികൾ കൊണ്ടുള്ള വിസ്മയങ്ങളും കാണാൻ സാധിക്കും. ചൂടും തണുപ്പും ഇടകലർന്ന ഒരു അന്തരീക്ഷമാണ് പടികിണറിനുള്ളിൽ.
രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് സന്ദർശന സമയം.
Comments